ചെന്നൈയില്‍ ബാങ്ക്‌ കൊള്ള; മാനേജറുടെ നേതൃത്വത്തില്‍ കവര്‍ന്നത്‌ 32 കിലോ സ്വര്‍ണം

ചെന്നൈയില്‍ ബാങ്ക്‌ കൊള്ള; മാനേജറുടെ നേതൃത്വത്തില്‍ കവര്‍ന്നത്‌ 32 കിലോ സ്വര്‍ണം


ചെൈന്ന: ചെന്നൈ നഗരത്തിലെ ബാങ്കില്‍ പട്ടാപ്പകല്‍ ബാങ്ക്‌ കൊള്ള. മാനേജറുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്‌ 32 കിലോഗ്രാം സ്വര്‍ണവും പണവും. ആകെ 20 കോടിയുടെ മോഷണമുണ്ടായെന്നാണു റിപ്പോര്‍ട്ട്‌.
ചെൈന്ന അരുംമ്പാക്കത്തുള്ള ഫെഡ്‌ ബാങ്കിലാണ്‌ ജീവനക്കാരെ ബന്ദികളാക്കി മോഷണം നടന്നത്‌. ബാങ്കിലെ റീജിണല്‍ ഡെവലപ്‌മെന്റ്‌ മാനേജറുടെ നേതൃത്വത്തിലാണു കവര്‍ച്ച നടന്നതെന്നാണു സൂചന. ഇയാളുടെ പേര്‌ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ ഉച്ചകഴിഞ്ഞാണു മൂന്നംഗ സംഘം ബാങ്കിലെത്തിയത്‌. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതിനാല്‍ ഇടപാടുകാര്‍ക്ക്‌ ഇന്നലെ ഉച്ചകഴിഞ്ഞു പ്രവേശനമുണ്ടായിരുന്നില്ല. ഏതാനും ജീവനക്കാര്‍ മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്‌.
ഇതിനിടെയാണു മാനേജറായ വ്യക്‌തി ബാങ്കിലെ സുരക്ഷാ ജീവനക്കാരനു ലഹരിമരുന്ന്‌ കലര്‍ത്തിയ ശീതളപാനീയം നല്‍കിയത്‌. അയാള്‍ മയങ്ങിവീണതോടെ മൂന്നംഗ സംഘം മുഖംമൂടി ധരിച്ച്‌ ഉള്ളില്‍ കടന്നു. കത്തിചൂണ്ടി ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ ശൗചാലയത്തിലേക്കു മാറ്റി. അവരെ പൂട്ടിയിട്ടശേഷമായിരുന്നു കൊള്ള. ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണവും കവര്‍ന്നു. മോഷ്‌ടാക്കള്‍ ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞതായി തമിഴ്‌നാട്‌ പോലീസ്‌ എ.സി.പി(നോര്‍ത്ത്‌) ടി.എസ്‌. അന്‍പു അറിയിച്ചു. ഫൊറന്‍സിക്‌ ഉദ്യോഗസ്‌ഥര്‍ ബാങ്കില്‍നിന്ന്‌ വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാന്‍ അഞ്ച്‌ പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പോലീസ്‌ അറിയിച്ചു.
രാജ്യമെമ്പാടുമായി 463 ബ്രാഞ്ചുകളുള്ള സ്‌ഥാപനമാണു ഫെഡ്‌ബാങ്ക്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌. ഭവന വായ്‌പ, സ്വര്‍ണത്തിന്മേല്‍ വായ്‌പ, ഭൂമി പണയംവച്ചുള്ള വായ്‌പ എന്നിവയാണ്‌ ഇവിടെ പ്രധാനമായും നടക്കുന്നത്‌.