ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് കണ്ണൂരിൽ തുടങ്ങണം: മന്ത്രി വി. അബ്ദ്ദുറഹിമാൻ

ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് കണ്ണൂരിൽ തുടങ്ങണം: മന്ത്രി വി. അബ്ദ്ദുറഹിമാൻ


ദില്ലി: കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ ആരംഭിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ഫിഷറീസ് - ഹജ്ജ്- കായിക മന്ത്രി വി.അബ്ദുറഹ്മാൻ ദില്ലിയിൽ കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും കേന്ദ്ര വനിത ശിശുവികസന  - ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടു. ദില്ലിയിൽ ഇരുവരുടേയും ഓഫീസുകളിൽ എത്തിയാണ് മന്ത്രി ചർച്ച നടത്തിയത്. 

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്ന മലബാർ മേഖലയിലാണ്. നിലവിൽ ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് കോഴിക്കോട്ടാണ്.  ഈ വർഷത്തെ  ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ്  കൊച്ചിയിലായിരുന്നു.  അത് മലബാറിൽ നിന്നുള്ള  ഹജ്ജ് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. അടുത്ത ഹജ്ജ് തീർത്ഥാടന കാലത്തിന് മുമ്പേ  കോഴിക്കോട് എയർപോർട്ടിലുള്ള ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് പുനസ്ഥാപിക്കണമെന്നും  മന്ത്രി ആവശ്യപ്പെട്ടു.  
  
വലിയ യാത്ര വിമാനങ്ങൾക്ക് കണ്ണൂർ, കോഴിക്കോട്  എയർപോർട്ടുകളിൽ ഇറങ്ങുന്നതിനുള്ള അനുമതിയും  കോഴിക്കോട് എയർപോർട്ടിൻ്റെ വികസനപ്രവർത്തനങ്ങളും റൺവേയുടെ  നീളം വർദ്ധിപ്പിക്കുന്നതിനുള്ള അനുമതിയും മന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.