പടിയൂർ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി; ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം 17ന്

പടിയൂർ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി; ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം 17ന്

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ ടൂറിസം സാധ്യകതൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന പടിയൂർ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവ്യത്തി ഉദ്ഘാടനം 17ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ചടങ്ങിൽ നിയോജക മണ്ഡലം എം എൽ എ കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും.  പടിയൂർ, കുയിലൂർ, നിടിയോടി, പൂവ്വം മേഖല ഉൾപ്പെടുന്ന പദ്ധതി പ്രദേശത്തെ 68 ഏക്കറോളം വരുന്ന പുൽത്തകിടി നിറഞ്ഞ പ്രദേശങ്ങളെ കൂട്ടിയിണക്കിയാണ്  ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന 5.56 കോടിയുടെ പ്രവ്യത്തിയാണ് ഉടൻ പൂർത്തിയാക്കുക. ജലസേചന  വകുപ്പിന്റെ അധീതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷൻ തയ്യാറാകിയ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് പ്രവ്യത്തി ടെണ്ടർ ചെയ്തത്. കെ.കെ. ശൈലജ എം.എൽ.എ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്കായി പഴശ്ശി ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം വിട്ടുകൊടുക്കുന്നതിന് നേരത്തെ ടൂറിസം, ജല വിഭഗവകുപ്പ് മന്ത്രിമാരുടെയോഗത്തിൽ ധാരണയിലെത്തിയിരുന്നു. ഇരു വകുപ്പുകളും തമ്മിലുള്ള ധാരണാപത്രവും ഉടൻ ഒപ്പുവെക്കും. ആദ്യഘട്ട പ്രവ്യത്തി ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
    മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പ്രദേശത്തെ 68 ഏക്കർ  സ്ഥലം സഞ്ചാര മേഖലയാക്കി മാറ്റും. ബോട്ടാണിക്കൽ ഗാർഡൻ, പൂന്തോട്ടം, പാർക്കുകൾ, പദ്ധതി പ്രദേശത്തെ തുരുത്തുകൾ ബന്ധിപ്പിച്ചുള്ള പാലങ്ങൾ, ബോട്ട് സർവ്വീസ്,  എന്നിവയാണ് പ്രധാനമായും  നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ  പടിയൂർ ടൗണിൽ നിന്നും പദ്ധതി പ്രദേശത്തേക്കുള്ളറോഡ് നവീകരിക്കും. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള 800 മീറ്റർ റോഡും സ്വകാര്യ വ്യക്തികളുടെ സ്ഥലം പ്രയോജനപ്പെടുത്തിയുളള റോഡും ഉൾപ്പെടെ ഒരു  കിലോമീറ്റർ റോഡ് എട്ട് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് 1.35 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക പൂന്തോട്ട നിർമ്മാണത്തിനും പാർക്കിംങ്ങ് കേന്ദ്രങ്ങൾ ഒരുക്കുന്നതിനുമാണ് വിനിയോഗിക്കുക. ഒന്നാംഘട്ട പ്രവ്യത്തി പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം ഘട്ട പ്രവ്യത്തിക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറും. ജലത്താൽ ചുറ്റപ്പെട്ട പഴശ്ശി പദ്ധതി പ്രദേശത്തെ പച്ചതുരുത്തുകൾ സംരക്ഷിച്ച്  വെളളം എത്താത പ്രദേശങ്ങളെ തമ്മിൽ കൂട്ടിയിണക്കി കുട്ടികളുടെ പാർക്കുകളും സസ്യ സംരക്ഷണ പ്രവർത്തനങ്ങളും ഔഷധ തോട്ടങ്ങളും ഉൾപ്പെടെ നടപ്പിലാക്കും.  
          അക്കേഷ്യമരങ്ങൾ ഇടതൂർന്ന് വളർന്ന തുരുത്തുകൾ  സഞ്ചാര പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. പഴശ്ശി പദ്ധതി പ്രദേശത്തെ പാർക്ക്, അകംതുരുത്ത് ദ്വീപ്, പെരുവം പറമ്പ് മഹാത്മാഗാന്ധി പാർക്ക്, വള്ള്യാട് സഞ്ജീവിനി ഇക്കോ പാർക്ക് എന്നിവയേയും കൂട്ടിയിണക്കിയുള്ള പദ്ധതികളും ഇതോടൊപ്പം പൂർത്തിയാകാണാന് തീരുമാനം.