വടക്കഞ്ചേരി അപകടം: ബസുടമ അറസ്റ്റില്‍, '19 തവണ അലര്‍ട്ട് വന്നിട്ടും അവഗണിച്ചു'

വടക്കഞ്ചേരി അപകടം: ബസുടമ അറസ്റ്റില്‍, '19 തവണ അലര്‍ട്ട് വന്നിട്ടും അവഗണിച്ചു'


കൊച്ചി: വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി അപകടത്തില്‍ ബസ് ഉടമ അരുണും അറസ്റ്റില്‍. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ ബസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ അമിത വേഗതയില്‍ സഞ്ചരിച്ചെന്ന അലര്‍ട്ട് വന്നിട്ടും അരുണ്‍ അവഗണിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ .കഴിഞ്ഞു. അപകട മുന്നറിയിപ്പ് കണക്കിലെടുത്ത് അരുണ്‍ ഉടമയെന്ന നിലയില്‍ ഇടപെട്ടിരുന്നെങ്കില്‍ വടക്കഞ്ചേരി അപകടം ഒഴിവാക്കാമായിരുന്നെന്നും അന്വേഷണസംഘം വിലയിരുത്തി.

ലുമിനസ്‌ അസുര ബസ്‌ അമിതവേഗത്തിലാണെന്ന്‌ അപകടത്തിനു മുമ്പ്‌ രണ്ടു തവണ ബസ്‌ ഉടമയ്‌ക്ക്‌ മുന്നറിയിപ്പ്‌ സന്ദേശമെത്തിയിരുന്നെന്നു ട്രാന്‍സ്‌പോര്‍ട്‌ കമ്മിഷണര്‍ എസ്‌. ശ്രീജിത്ത്‌ പറഞ്ഞു. അപകടകരമായ രീതിയില്‍ പാഞ്ഞ ബസിന്റെ വേഗം 97.7 കിലോമീറ്ററിലേക്ക്‌ എത്തുംമുമ്പ്‌ രാത്രി 10.18നും 10.56 നുമാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ മോണിറ്ററിങ്‌ വിഭാഗത്തില്‍നിന്നും വാഹന ഉടമയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. അപകടത്തിനിടയാക്കിയ ബസിന്റെ ഫിറ്റ്‌നെസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ്‌ അധികൃതര്‍ വ്യക്‌തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. 11 ബസുകള്‍ വേട്ടപ്പൂട്ടില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു