വിജയദശമിയോടനുമ്പന്ധിച്ച് ഇരിട്ടി മേഖലയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികൾ നടത്തി

വിജയദശമിയോടനുമ്പന്ധിച്ച്  ഇരിട്ടി മേഖലയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികൾ നടത്തി


ഇരിട്ടി : വിജയദശമിയോടനുമ്പന്ധിച്ച്  ഇരിട്ടി മേഖലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിപുലമായ പരിപാടികളാണ് നടന്നത്. കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ ഗ്രന്ഥ പൂജയും വാഹനപൂജയും നടന്നു. ഗ്രന്ഥമെടുപ്പിനു ശേഷം നടന്ന എഴുത്തിനിരുത്തിൽ ഇരുന്നൂറോളം കുരുന്നുകൾ വിദ്യാരംഭം  കുറിച്ചു. പ്രൊ. ഡോ . കൂമുള്ളി ശിവരാമൻ, റിട്ട. അദ്ധ്യാപകരായ ആറളം ബാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ പെരുമ്പറമ്പ്, സരസ്വതി ടീച്ചർ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു. 
കീഴൂർ മഹാദേവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും വാഹനപൂജ വിദ്യാരംഭ ചടങ്ങുകൾ നടന്നു. രണ്ടിടങ്ങളിലുമായി നാൽപ്പതോളം കുരുന്നുകൾ അറിവിന്റെ ഹരിശ്രീ കുറിച്ചു. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ റിട്ട. അദ്ധ്യാപകൻ കെ.ഇ. നാരായണനും,  മഹാവിഷ്ണു ക്ഷേത്രത്തിൽ റിട്ട. അദ്ധ്യാപകൻ കെ.പി. കുഞ്ഞിനാരായണനും വിദ്യാരംഭത്തിന് നേതൃത്വം നൽകി. 
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പുലർച്ചെ മുതലേ നല്ല ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഗ്രന്ഥപൂജക്കും ഗ്രന്ഥമെടുപ്പിനും ശേഷം നടന്ന വിദ്യാരംഭ ചടങ്ങിൽ നാനൂറോളം കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. പയ്യന്നൂരിൽ നിന്നെത്തിയ നാലോളം ബ്രാഹ്മണ ശ്രേഷ്ഠരാണ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകിയത്.  
    ഇരിട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ വിജയ ദശമിയോട് അനുബന്ധിച്ച്  വിദ്യാരംഭവും  വാഹന പൂജയും നടന്നു. റിട്ട. അദ്ധ്യാപകൻ എ. എൻ. സുകുമാരൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു. സിനിൽ ശാന്തികൾ വാഹനപൂജക്ക് കാർമ്മികത്വം വഹിച്ചു.  യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, യൂണിയൻ പ്രസിഡണ്ട് കെ. വി. അജി, വിജയൻ ചാത്തോത്ത്, സഹദേവൻ പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. 
പുന്നാട് നിവേദിത വിദ്യാലയത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി ബ്രഹ്‌മശ്രീ ഇ. ഈശ്വരൻ നമ്പൂതിരി' കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി.  ഗ്രന്ഥ പൂജയും നടന്നു. പ്രിൻസിപ്പാൾ സി. പ്രജിത്ത് സി, മാനേജർ  കെ. പി. രാഹുൽ, വിദ്യാലയ സമിതി സെക്രട്ടറി എ .കെ. സുരേഷ് കുമാർ , ക്ഷേമ സമിതി പ്രസിഡണ്ട് പി.എസ്. പ്രകാശൻ , സെക്രട്ടറി പി. സിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.