പച്ചക്കറി കടയിൽ കവർച്ച; മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

പച്ചക്കറി കടയിൽ കവർച്ച; മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി


ചെറുപുഴ: ടൗണിലെ പച്ചക്കറി കട കുത്തിതുറന്ന് മേശവലിപ്പിൽ നിന്ന് പണവുമായി രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി കണ്ണംപറമ്പിൽ ഹൗസിൽ അഹമ്മദ് കുട്ടിയെ ( 62 ) യാണ് നാട്ടുകാർ പിടികൂടി ചെറുപുഴ പോലീസിന് കൈമാറിയത്. ഇന്ന് പുലർച്ചെ 3.30 മണിയോടെയാണ് സംഭവം. ടൗണിലെ ന്യൂ ഫ്രണ്ട്സ് സഹായ സംഘം പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് കവർച്ച നടന്നത്. പുലർച്ചെ കടയിലെത്തിയ കട ഉടമകളിൽ ഒരാൾ പിറക് വശത്തെ ഗ്രില്ലിൻ്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് മേശപരിശോധിച്ചപ്പോൾ രാവിലെ കടയിൽ സാധനങ്ങൾ എത്തിക്കുന്നവർക്ക് നൽകാനായി സൂക്ഷിച്ച 27, 200 രൂപ കാണാതായതോടെ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചലിലാണ് മോഷ്ടാവിനെ പുഴക്കരികിൽ ഒളിച്ചു നിൽക്കുന്നതിനിടെ പിടികൂടിയത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുപുഴ എസ്.ഐ.മനോജ് കാനായിയുടെ
നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മോ ഷ്ടാവുമായി പോലീസ് സംഘം നടത്തിയ തെരച്ചലിൽ കടയിൽ നിന്ന് മോഷ്ടിച്ച പണം പുഴക്കരികിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുടർന്ന് മോഷ്ടാവിനെ എസ്.ഐ.മനോജ് കാനായി അറസ്റ്റുചെയ്യുകയായിരുന്നു. കവർച്ചക്ക് ഉപയോഗിച്ച കമ്പിപ്പാരയും സ്ക്രൂ ഡൈവറും പോലീസ് കണ്ടെടുത്തു.

നേരത്തെ തളിപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും കോഴിക്കോട് കോടഞ്ചേരിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൽ നിന്നും കൊറോണ കാലത്ത് ശ്രീകണ്ഠാപുരത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും കവർച്ച നടത്തിയ കേസിൽ പ്രതിയാണ്. മാസങ്ങൾക്ക്‌ മുമ്പ് ചെറുപുഴയിലെ കുടുംബശ്രീ ഹോട്ടലിലും മറ്റൊരു സ്ഥാപനത്തിലും കവർച്ച നടത്തിയത് ഇയാളാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.