എക്സൈസിനെ വെട്ടിച്ചോടിയ കഞ്ചാവ് കേസ് പ്രതി ഓടിക്കയറിയത് വനിതാ പൊലീസിന്‍റെ വീട്ടിൽ

എക്സൈസിനെ വെട്ടിച്ചോടിയ കഞ്ചാവ് കേസ് പ്രതി ഓടിക്കയറിയത് വനിതാ പൊലീസിന്‍റെ വീട്ടിൽകോട്ടയം: എക്സൈസ് സംഘത്തിനെ വെട്ടിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് ഓടിക്കയറിയത് വനിതാ പൊലീസിന്‍റെ വീട്ടുവളപ്പിലേക്ക്. യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെയാണ് എക്സൈസിനെ വെട്ടിച്ച് ഓടിയെത്തിയതാണെന്ന വിവരം പുറത്തായത്. ഏറ്റുമാനൂർ പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ (എച്ച്സി) കെ. കൻസിയുടെ വീട്ടിലാണ് അസാധാരണ സംഭവം ഉണ്ടായത്.

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് എന്ന യുവാവാണ് കൻസിയുടെ വീട്ടിലേക്ക് ഓടിക്കയറിയത്. ഡ്യൂട്ടി കഴിഞ്ഞെത്തി കൻസി വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് അജിത്ത് ഇവിടേക്ക് ഓടിക്കയറിയത്. വീടിനു സമീപത്തേക്ക് ആരോ ഓടിവരുന്നതായി കൻസിക്ക് മനസിലായി. പുറത്തേക്ക് ഇറങ്ങിനോക്കിയപ്പോൾ വീടിന്‍റെ വശത്ത് പതുങ്ങിനിൽക്കുന്ന യുവവാിനെ കണ്ടു. ‘കുറച്ചുപേർ കൊല്ലാൻ വരുന്നു.രക്ഷിക്കണ’മെന്നാണ് ഇയാൾ പറഞ്ഞത്. സംശയം തോന്നി യുവാവിനെ കാർ ഷെഡിനുളളിലേക്ക് കൊണ്ടു പോയി ചോദ്യം ചെയ്തതോടെ യുവാവ് സത്യം തുറന്നു പറയുകയായിരുന്നു.

ഇതേത്തുടർന്ന് കൻസി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അജിത്തിനെ അന്വേഷിച്ച് നടന്ന എക്സൈസിലെ ഒരു ഉദ്യോഗസ്ഥൻ അവിടെയെത്തി. അജിത്ത് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചു.


തുടർന്നു നാട്ടുകാരുടെ സാന്നിധ്യത്തിൽ അജിത്തിനെ കൻസി എക്സൈസിനു കൈമാറി. അജിത്തിനെ പിടികൂടിയതോടെ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. മറ്റൊരാൾ ഓടിരക്ഷപ്പെട്ടതായി എക്സൈസ് പറഞ്ഞു. പ്രതിയെ പിടികൂടാൻ സഹായിച്ച കൻസിയെ നാട്ടുകാർ അഭിനന്ദിച്ചു.