പക്ഷിപ്പനി : ഹരിപ്പാട്ട് പതിനൊന്നായിരത്തോളം താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

പക്ഷിപ്പനി : ഹരിപ്പാട്ട്  പതിനൊന്നായിരത്തോളം താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു 


ആലപ്പുഴ : പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് വഴുതാനം പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തുടങ്ങി. കർഷകനായ അച്ചൻകുഞ്ഞിൻ്റെ ഉടമസ്ഥതയിലുള്ള പതിനൊന്നായിരം താറാവുകളെയാണ് ബോധം കെടുത്തിയ ശേഷം തീയിട്ട് കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയും കൊന്നൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഞാറാഴ്ച്ചയാണ് താറാവുകൾക്ക് രോഗ ലക്ഷണം തുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യാഗസ്ഥർ എത്തി സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. 

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. ഹരിപ്പാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് നിരോധനം ബാധകം. നഗരസഭാ പരിധിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 

എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബർ30 വരെ നിരോധിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. 

ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്.  പക്ഷിപ്പനി ബാധിച്ച് ഇതുവരെ രണ്ടായിരത്തിലധികം താറാവുകൾ ചത്തെന്നാണ് അനൗദ്യോഗിക കണക്ക്.  രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷികളെ കൊന്ന് മറവ് ചെയ്യുന്നതിനായി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയാണ് നിലവിൽ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുള്ളത്.