വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം, വയോധികന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം, വയോധികന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു


ബെംഗളൂരു: 67-കാരന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ കാമുകിയും ഭർത്താവും സഹോദരനും ചേർന്നാണ് മൃതദേഹം പ്ലാസ്റ്റിക കവറിലാക്കി റോഡരികിൽ തള്ളിയതെന്നും പൊലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേസിൽ സുപ്രധാന വഴിത്തിരിവുണ്ടാക്കിയത്.

മരിച്ച ബാലസുബ്രഹ്മണ്യനും വീട്ടുജോലിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. നവംബർ 16-ന് വീട്ടിലെത്തിയ യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.  ഇതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും ബാലസുബ്രഹ്മണ്യൻ മരണപ്പെടുകയും ചെയ്തു- പൊലീസ് പറഞ്ഞു. 16-ന് പേരമകനെ ബാഡ്മിന്റൻ കോച്ചിങ്ങിന് കൊണ്ടുവിടാൻ പോയതായിരുന്നു ഇയാൾ.  വൈകുന്നേരം മരുമകളെ വിളിച്ച് വരാൻ വൈകുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇയാളെ  ആരും കണ്ടിരുന്നില്ല. തുടർന്ന് മകൻ സുബ്രഹ്മണ്യൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 


പൊലീസ് പരിശോധനയിൽ റോഡരികിൽ  മൃതദേഹം കണ്ടെത്തി. ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാൾ ജോലിക്കാരിയായ കാമുകിയുടെ വീട്ടിൽ അന്ന് പോയതായി പൊലീസ് കണ്ടെത്തിയതോടെയാണ് കേസിൽ സുപ്രധാന വഴിത്തിരിവുണ്ടായത്. മാനക്കേട് ഭയന്ന യുവതി ഭർത്താവിന്റെയും സഹോദരന്റെയും സഹായത്തിൽ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷ ഹൃദയ ശസ്ത്രക്രിയ നടത്തിയ ആളായിരുന്നു ബാലസുബ്രഹ്മണ്യൻ. ഏറെ നാളായി വേലക്കാരിയുമായി അടുത്ത ബന്ധം തുടരുന്ന ഇയാൾ ഇടയ്ക്കിടെ അവരുടെ വീട്ടിലെത്താറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. യുവതിക്കും ഭർത്താവിനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.