കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ മെഡിക്കൽകോളേജ് നഴ്സിങ്ങ് ഓഫീസർ മരിച്ചു; മലപ്പുറം കുഴിമന്തി റസ്റ്ററന്റ് അടപ്പിച്ചു

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ മെഡിക്കൽകോളേജ് നഴ്സിങ്ങ് ഓഫീസർ മരിച്ചു; മലപ്പുറം കുഴിമന്തി റസ്റ്ററന്റ് അടപ്പിച്ചുകോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ആയിരുന്നു രശ്മി രാജ്.


കോട്ടയം തെള്ളകത്തെ മലപ്പുറം കുഴിമന്തി റസ്റ്ററന്റിൽ നിന്ന് രണ്ടുദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യക്ഷ ബാധ ഏറ്റിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച രശ്മി ഉൾ‌പ്പെടെ 21 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ നഗരസഭാ അധികൃതർ ഹോട്ടലിൻ്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ മാത്രമേ മരണകാരണം പുറത്തുവരുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

നേരത്തെയും ഈ ഹോട്ടലിനെതിരെ ഭക്ഷ്യവിഷബാധ പരാതി ഉയർന്നിരുന്നു. കഴി‍ഞ്ഞ വർഷം നവംബറിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ സുഹൃത്തും കുടുംബവും ആശുപത്രിയിൽ പ്രവേശിച്ചിരുന്നതായി ശ്രീജിത്ത് മോഹൻ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നിരവധി പേർക്ക് ഈ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റിരുന്നതായി കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മാസം സംക്രാന്തിയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ച കുമാരനല്ലൂർ, നട്ടാശ്ശേരി ഭാഗങ്ങളിൽ താമസിക്കുന്നവർക്കും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.