'മൊട്ട വിളി കേട്ടു മടുത്തു; പെൻഷൻ വേണം :' കഷണ്ടിക്കാരുടെ സംഘം സർക്കാരിനോട്

'മൊട്ട വിളി കേട്ടു മടുത്തു; പെൻഷൻ വേണം :' കഷണ്ടിക്കാരുടെ സംഘം സർക്കാരിനോട്


ഹൈദരാബാദ്: കഷണ്ടിയുള്ള തങ്ങൾക്ക് പ്രതിമാസം 6,000 രൂപ പെൻഷൻ നൽകണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ഒരു കൂട്ടം പുരുഷന്മാർ. തലയിലെ മുടി നഷ്ടപ്പെട്ട് കഷണ്ടിയായതിനെ തുടർന്ന് വലിയ നാണക്കേടാണ് തങ്ങൾ അനുഭവിക്കുന്നതെന്നും ചിലരുടെ പരിഹാസം സഹിച്ച് മാനസിക വേദനയോടെയാണ് ജീവിക്കുന്നതെന്നും സിദ്ധിപേട്ടിലെ തങ്കല്ലപ്പള്ളി ഗ്രാമത്തിലെ ഒരു കൂട്ടം കഷണ്ടിക്കാരായ പുരുഷന്മാർ പറയുന്നു. ദിവസേന നേരിടേണ്ടി വരുന്ന ഈ പീഡനങ്ങൾക്ക് പരിഹാരമായി 6,000 രൂപ പെൻഷൻ ലഭിക്കുന്നത് സഹായകമാകുമെന്നും കഷണ്ടിയുള്ള എല്ലാ പുരുഷന്മാർക്കും ഒരു സംക്രാന്തി സമ്മാനമായി സർക്കാർ പെൻഷൻ പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജനുവരി 5 ന് ഗ്രാമത്തിൽ കഷണ്ടിക്കാരുടെ ഒരു സംഘം അനൗപചാരിക യോഗം ചേർന്നിരുന്നു. സംക്രാന്തിക്ക് ശേഷം 30ലധികം ആളുകളെ ഉൾപ്പെടുത്തി മറ്റൊരു യോഗം ചേരുമെന്നും അവർ പറഞ്ഞു.

“ആളുകൾ തങ്ങളുടെ കഷണ്ടിയെക്കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഞങ്ങളെ വേദനിപ്പിക്കാറുണ്ട്. തലയിൽ മുടി കുറവായതിനാലാണ് അവർ കളിയാക്കി ചിരിക്കുന്നത്. ഈ മനോഭാവം മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു. കഷണ്ടിയാകുമോയെന്ന് ആശങ്കപ്പെടുന്നവരെ ഈ കളിയാക്കലുകൾ ഏറെ വേദനിപ്പിക്കുമെന്നും” അസോസിയേഷൻ അംഗങ്ങളിലൊരാളായ പി ആൻജി പറഞ്ഞു. “കഷണ്ടി സംബന്ധിച്ച് ആളുകൾ തമാശയായി പറയുന്ന കാര്യങ്ങൾ പോലും തങ്ങളെ വേദനിപ്പിക്കാറുണ്ടെന്ന്” ബിരുദധാരിയും രണ്ട് കുട്ടികളുടെ പിതാവുമായ അദ്ദേഹം കൂട്ടിച്ചേർത്തു.