
മലപ്പുറം: യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ മലപ്പുറത്ത് അറസ്റ്റില്‍. തൂത തെക്കേപ്പുറം സ്വദേശികളായ വെള്ളൂര്‍ക്കാവില്‍ മര്‍സൂഖ് (23), തിരുത്തുമ്മല്‍ മുബഷിര്‍ (21) എന്നിവരാണ് പിടിയിലായത്. ആലിപ്പറമ്പ് കുന്നനാത്ത് കാളിപ്പാടന്‍ യൂസഫ് (26) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒന്‍പതിന് ആലിപ്പറമ്പ് വില്ലേജ്പാടത്തായിരുന്നു സംഭവം. കാറിലെത്തിയ ഇവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വീടിന് സമീപത്തെ റോഡില്‍ വച്ച് യൂസഫിനോട് കഞ്ചാവ് ചോദിക്കുകയായിരുന്നു ആദ്യം. എന്നാൽ താന്‍ കഞ്ചാവ് വില്‍പനക്കാരനല്ലെന്ന് യൂസഫ് പറഞ്ഞതോടെ ഇവർ അക്രമാസക്തരായി.
യൂസഫിനെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു സംഘം പിന്നീട് ചെയ്തത്. കുറച്ച് സമയത്തിന് ശേഷം വില്ലേജ് പാടത്ത് വീണ്ടും എത്തിച്ച് സംഘം വീണ്ടും കഞ്ചാവ് ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോഴായിരുന്നു പ്രതികൾ യൂസഫിനെ മര്‍ദിച്ചത്. ഇടി ഉപകരണം കൊണ്ട് തലക്ക് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യൂസഫിന്റെ നെറ്റിയില്‍ ഇടികൊണ്ട് പരിക്കേറ്റു. മറ്റൊരു വാഹനം വരുന്നത് കണ്ട് സംഘം രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളെത്തിയാണ് യൂസഫിനെ ആശുപത്രിയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.