ലയൺസ് ക്ലബ് ഇരിട്ടി മഹോത്സവം ലഭിച്ച മുഴുവൻ തുകയും ഇരിട്ടി താലൂക്ക് ആശുപത്രി കനിവ് കിഡ്‌നി പേഷ്യന്റ്സ് വെൽഫേർ സൊസൈറ്റിക്ക് കൈമാറും

ലയൺസ് ക്ലബ് ഇരിട്ടി മഹോത്സവം 
ലഭിച്ച മുഴുവൻ തുകയും ഇരിട്ടി താലൂക്ക് ആശുപത്രി കനിവ്  കിഡ്‌നി പേഷ്യന്റ്സ് വെൽഫേർ സൊസൈറ്റിക്ക് കൈമാറും 


 ഇരിട്ടി: ഇരിട്ടി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം നടത്തിയ ലയൺസ് മഹോത്സവത്തിലൂടെ ലഭിച്ച തുക ഇരിട്ടി താലൂക്ക് ആശുപത്രി കനിവ്  കിഡ്‌നി പേഷ്യന്റ്സ് വെൽഫേർ സൊസൈറ്റിക്ക്  കൈമാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രി പരിസരത്തുവെച്ച് നടക്കുന്ന ചടങ്ങിൽ എം എൽ എ സണ്ണിജോസഫിന് തുക കൈമാറും. ഇതോടൊപ്പം  ഇതിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിക്കായി ഒരു ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍ മുന്‍ ഡിസ്ട്രിക് ഗവര്‍ണ്ണന്‍ ഡോ. ഒ.വി. സനല്‍ ഇരിട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലതക്കും കൈമാറും. 
 ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 12 വരെയാണ്  ലയണ്‍സ് മഹോത്സവം എന്ന പേരില്‍  അഖിലേന്ത്യാ വ്യാപാര, വിനോദ, വിജ്ഞാന മേള സംഘടിപ്പിച്ചത്. മേള തുടങ്ങുന്ന സമയത്ത് നടത്തിയ പത്രസമ്മേളനത്തിൽ  ഇതിലൂടെ  ലഭിക്കുന്ന മുഴുവന്‍ പണവും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണ് തങ്ങളെന്നും ഇതിനു പുറമേ മേഖലയിലെ  പതിനഞ്ചോളം നിര്‍ധന കുടുംബത്തിലെ മാരക രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്കുള്ള ധനസഹായവും ഈയവസരത്തില്‍ നല്കാന്‍ ഇരിട്ടി ലയണ്‍സ് ക്ലബ് തീരുമാനിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ ആണ് ലയണ്‍സ് ഇന്റര്‍നാഷണല്‍ എന്നും  ഇരിട്ടി ലയണ്‍സ് ക്ലബ് സ്ഥാപിതമായിട്ട് 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ മലയോര മേഖലയില്‍ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ക്ക് ഒരു കൈതാങ്ങ് ആകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും  പ്രസിഡന്റ് ജോസഫ് സ്‌കറിയ, ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ. സുരേഷ് ബാബു, സോണ്‍ ചെയര്‍മാന്‍ ഒ. വിജേഷ്, മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍ ഡോ.ജി. ശിവരാമകൃഷ്ണന്‍, വി.പി. സതീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.