ട്രാൻസ്മെൻ എട്ട് മാസം ഗർഭം, ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിൽ സിയയും സഹദും; കുറിപ്പ്

ട്രാൻസ്മെൻ എട്ട് മാസം ഗർഭം, ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിൽ സിയയും സഹദും; കുറിപ്പ്


തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് സിയ പവലും സഹദും. തന്‍റെ ആഗ്രഹം മനസിലാക്കി സഹദ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറായിരിക്കുകയാണെന്നാണ് സിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാന്‍ പ്രഗ്നന്‍സിയാകാം ഇതെന്നും സിയ കുറിപ്പില്‍ പറയുന്നു. 

സിയയുടെ കുറിപ്പ് വായിക്കാം... 

'ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം " അമ്മ". ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതീക്ഷ. 

 എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു. കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ.

എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക. പിറന്ന ശരീരത്താൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോൾ അവന്റെ ശരീരത്തെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു. ഹോർമോൺ തെറാപ്പികളും ബ്രസ്റ്റ് റിമൂവൽ സർജറിയും. കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വർഷമാകുന്നു.

അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂർണ്ണ സമ്മതത്താൽ ഇന്ന് 8 മാസം പ്രായമുള്ള ജീവൻ തന്റെ ഉദരത്തിൽ ചലിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്യമാക്കാൻ ഞങ്ങളെടുത്ത തീരുമാനങ്ങൾ പിന്തുണച്ചു. ഞങ്ങൾ അറിഞ്ഞതിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മാൻ പ്ര​ഗ്നൻസി.

ഒറ്റപ്പെട്ട ജീവിതത്തിൽ കൊച്ചു കുടുംബമാകുന്ന ഞങ്ങൾക്ക് പൂർണ്ണ പിന്തുണയോടെ കൂടെ നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങൾക്കും ഡോക്ടര്‍ക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നില്‍ക്കുന്ന എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു'- സിയ കുറിച്ചു.