മുട്ടക്കറിയില്‍ പുഴു, ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണില്‍ ഹോട്ടല്‍ പൂട്ടിച്ചു

മുട്ടക്കറിയില്‍ പുഴു, ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണില്‍ ഹോട്ടല്‍ പൂട്ടിച്ചു


വാഗമണ്‍: ഇടുക്കി വാഗമണ്ണിൽ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗാലാൻഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്. ഭക്ഷണം കഴിച്ചതിനെ തുടർന്ന ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ഹോട്ടല്‍ പൂട്ടിച്ചു.  വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയത്.  

കോഴിക്കോട് ഗ്ലോബൽ ആർട്സ് ആന്റ് സയൻസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടുന്ന എൺപത്തിയഞ്ചംഗ സംഘം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു .വാഗാലാന്റ് ഹോട്ടലിലായിരുന്നു പ്രഭാത ഭക്ഷണം. ഇതിനിടെയാണ് വിദ്യാർത്ഥികളിൽ രണ്ട് പേർക്ക് ലഭിച്ച മുട്ടക്കറിയിൽ പുഴുവിനെ കണ്ടത്. ഇതോടെ വിദ്യാര്‍ഥികള്‍ ബഹളംവെയ്ക്കുകയും അധികൃതരെ പരാതി അറിയിക്കുകയുമായിരുന്നു.  ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഹോട്ടൽ നടത്തിപ്പുകാരിൽ നിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്ന് കോളേജ് അധികൃതരും പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന്‍റെ പേരിൽ മുമ്പും നടപടി നേരിട്ട ഹോട്ടലാണിതെന്ന് അധികൃതര്‍ പറഞ്ഞു.  സംഭവം പുറത്തറിഞ്ഞതോടെ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് പൊലീസും ആരോഗ്യ വിഭാഗവും ജനപ്രതിനിധികളുമടക്കം സ്ഥലത്തെത്തിയത് . തുടര്‍ന്ന് നടപടികളുടെ ഭാഗമായി ഹോട്ടൽ അടച്ചു പൂട്ടുകയായിരുന്നു.