സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്നു,കേന്ദ്ര സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ വിവാദത്തില്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്നു,കേന്ദ്ര സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ വിവാദത്തില്‍


ദില്ലി: തെരഞ്ഞെടുപ്പ് അടുക്കവേ കേന്ദ്രസർക്കാർ പദ്ദതികളുടെ പ്രചാരണത്തിനായി സർക്കാർ ഉദ്യോ​ഗസ്ഥരെ നിയമിച്ച സർക്കുലർ വിവാദത്തിൽ. ഉദ്യോ​ഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസം നീളുന്ന വികസിത ഭാരത സങ്കൽപ യാത്രയുടെ ഭാ​ഗമായി പഞ്ചായത്ത് തലത്തിൽ ഉദ്യോ​ഗസ്ഥരോട് പ്രചാരണം നടത്താനാണ് സർക്കുലറിലെ നിർദേശം.

കഴിഞ്ഞ ബുധനാഴ്ചയാണ് വിവാദ സർക്കുലർ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. 9 വർഷത്തെ കേന്ദ്ര സർക്കാറിന്‍റെ  ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനായി നവംബർ 20 മുതൽ ജനുവരി 25വരെ വികസിത ഭാരത സങ്കൽപ യാത്ര പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്, ജോയിന്‍റ്  സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള ഉദ്യോ​ഗസ്ഥർ ഈ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാ​ഗമാകണമെന്ന് നിർദേശിക്കുന്നതാണ് സർക്കുലർ. ദില്ലിയിലെ പ്രിൻസിപ്പൽ ചീഫ് ഇൻകംടാക്സ് ഓഫീസർക്ക് ധനമന്ത്രാലയം അയച്ച സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നത്. 765 ജില്ലകളിലായി 2.69 ലക്ഷം പഞ്ചായത്തുകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും പറയുന്നു. സർക്കുലർ വിവാദമായതിന് പിന്നാലെ നടപടിക്കെതിരെ കോൺ​ഗ്രസ് അധ്യക്ഷൻ രം​ഗത്തെത്തി. അവധിയിലുള്ള സൈനികർക്കും സമാന നിർദേശം നേരത്തെ നൽകിയിരുന്നെന്നും, സൈനികരെ പോലും കേന്ദ്രസർക്കാറിന്‍റെ  അംബാസി‍ഡർമാരാക്കി മാറ്റുന്ന നടപടിയാണിതെന്നും ഖർ​ഗെ കുറ്റപ്പെടുത്തി.

 

എന്നാൽ സർക്കാർ ഉദ്യോ​ഗസ്ഥർ ഓഫീസുകളിൽ മാത്രമിരുന്നാൽ മതിയെന്നാണോ കോൺ​ഗ്രസ് പറയുന്നതെന്ന് ബിജെപി തിരച്ചടിച്ചു, ജനങ്ങളോട് ഇടപഴകി പദ്ദതിയുടെ നടത്തിപ്പ് ഉദ്യോ​ഗസ്ഥർ വിലയിരുത്തണമെന്നും, തെരഞ്ഞെടുപ്പടുത്തതുകൊണ്ടുമാത്രം ഭരണനിർവഹണം ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.