പണമില്ല, ലൈഫ് പദ്ധതി പ്രതിസന്ധിയിൽ; വട്ടിപ്പലിശക്ക് പണമെടുത്ത് വീട് നിർമ്മിക്കുന്ന ഗുണഭോക്താക്കളും കുടുങ്ങി

പണമില്ല, ലൈഫ് പദ്ധതി പ്രതിസന്ധിയിൽ; വട്ടിപ്പലിശക്ക് പണമെടുത്ത് വീട് നിർമ്മിക്കുന്ന ഗുണഭോക്താക്കളും കുടുങ്ങി


തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണമില്ലാതെ ഇഴഞ്ഞ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയാ ലൈഫ്. പഞ്ചായത്ത് ലിസ്റ്റിൽ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി തീരാത്ത വീടും പലിശക്കെണിയുമായി പ്രതിസന്ധിയിലാണ് ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കാതെ രക്ഷയില്ലെന്ന് പഞ്ചായത്ത് അധികൃതരും കൈമലര്‍ത്തുന്നു.

പണി തുടങ്ങിക്കോളൂ പണം തരാമെന്ന പഞ്ചായത്ത് അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് പലരും വീടിന് കല്ലിട്ടത്. എന്നാൽ തറപണിയും മുൻപ് കിട്ടേണ്ട 40000 വും തറപ്പണി തീര്‍ത്ത ശേഷം കിട്ടേണ്ട 160000 രൂപയും ഇതുവരെ കിട്ടിയില്ലെന്ന് തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ ഗുണഭോക്താക്കൾ പറയുന്നു. ചെറിയൊരു പെട്ടിക്കടയും തൊഴിലുറപ്പു വഴി കിട്ടുന്ന തുച്ഛവരുമാനവും മാത്രമുള്ള തങ്കം എന്ന ഗുണഭോക്താവ് ആദ്യ രണ്ട് ഗഡുവിന് ശേഷം വട്ടിപ്പലിശയിലാണ് വീട് വച്ചത്.

തറകെട്ടിക്കയറും മുൻപ് 40000 രൂപ, തറ നിർമ്മിച്ച് കഴിഞ്ഞാലുടൻ 1,60,000 രൂപ ഭിത്തി നിര്‍മ്മാണത്തിന് ശേഷം ഒരു ലക്ഷം, അവസാന ഗഡുവായി ഒരു ലക്ഷം രൂപ എന്നിങ്ങനെ നാല് ഗഡുവായാണ് ലൈഫ് പദ്ധതിയിൽ സാമ്പത്തിക സഹായം സർക്കാർ നൽകുന്നത്. ഇടതടവില്ലാതെ പണമെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല പഞ്ചായത്തുകളിലും പണി ഇഴയുകയാണ്. 

സര്‍ക്കാര്‍ വിഹിതത്തിന് പുറമെ രണ്ട് ഗഡുക്കളായി നൽകേണ്ട 2,20,000 തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. വായ്പയായി സ്വരൂപിക്കുന്ന തുകയിൽ പലിശ മാത്രമാണ് സര്‍ക്കാര്‍ നൽകുക. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചടക്കുകയും വേണം. സര്‍ക്കാര്‍ വിഹിതം കിട്ടുന്നതിലെ കാലതാമസത്തിനൊപ്പം വായ്പ എടുക്കാനുള്ള സാങ്കേതിക തടസവും പഞ്ചായത്തുകളെ വലയ്ക്കുന്നു. ഓഗസ്റ്റ് ഒന്ന് വരെ കണക്ക് അനുസരിച്ച് 1,17,762 വീടുകളും 25 ഭവന സമുച്ഛയങ്ങളുമാണ് നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഹഡ്കോയിൽ നിന്നുള്ള വായ്പ മുടങ്ങിയതോടെ കുറഞ്ഞ പലിശ നിരക്കിൽ കിട്ടാനുള്ള സാധ്യത പരിശോധിക്കാൻ സര്‍ക്കാര്‍ എട്ടംഗ സമിതി ഉണ്ടാക്കി. 3,55,000 ഭവനരഹിതര്‍ക്ക് നൽകാനുള്ള പണം സ്വരൂപിക്കാനാണ് വഴി തേടുന്നത്. ലൈഫിന്‍റെ രണ്ടാം ഘട്ടത്തിൽ മുൻഗണന നിര്‍ദ്ദേശങ്ങൾ മറികടന്ന് വീടുകൾ അനുവദിച്ചെന്ന ആക്ഷേപം പൊതുവിലുണ്ട്.