സീറ്റ് ബെൽറ്റ് ഇടാതെ യാത്ര; ക്യാമറയിൽ കാറ് കുടുങ്ങിയത് 149 തവണ; പിഴ കിട്ടിയത് മുക്കാൽ ലക്ഷം
വീട്ടിൽനിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റർ. ദിവസം രണ്ടും മൂന്നും തവണ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയിൽ പതിഞ്ഞു. പിന്നാലെ സീറ്റ് ബെൽറ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപ.
കാസർകോട് ബദിയഡുക്ക സ്വദേശിനി ഉമൈറ ബാനുവാണ് കാറിന്റെ ഉടമ. തന്റെ പിതാവ് അബൂബക്കർ ഹാജിയാണ് കാർ ഓടിക്കാറുള്ളതെന്ന് അവർ പറഞ്ഞു. 74 വയസ്സുണ്ട് അബൂബക്കർ ഹാജിക്ക്.
രാവിലെ മില്ലിലേക്ക് പോയാൽ 10 മണിയോടെ വീട്ടിലേക്കു വരും. അരമണിക്കൂറിനുശേഷം വീണ്ടും പോകും. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി തിരിച്ചെത്തും. വൈകീട്ട് വീണ്ടും പോയി വരും. ഈ യാത്രകളത്രയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന നിയമലംഘനമായി ക്യമറയിൽ പതിഞ്ഞു. ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിലാണ് 149. അതിനുശേഷമുള്ള കണക്ക് വരാനിരിക്കുന്നതേയുള്ളു.
മൊബൈൽഫോണിൽ നിരന്തരം സന്ദേശം അയച്ചെങ്കിലും പിഴ അടച്ചില്ല. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നോട്ടീസ് തപാലിൽ അയച്ചുതുടങ്ങി. ഓരോ ദിവസവും പോസ്റ്റ്മാൻ മൂന്നും നാലും നോട്ടീസുമായി ഇവരുടെ വീട്ടിലെത്തും. ഇപ്പോൾ മുക്കാൽ ലക്ഷത്തോളം രൂപയായി പിഴത്തുക. പണം അടയ്ക്കാമെന്ന് ഉമൈറ ബാനു അറിയിച്ചതായി കാസർകോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.