ഇന്ന് ദീപാവലി; നിറദീപങ്ങളൊരുക്കി ആഘോഷം

ഇന്ന് ദീപാവലി; നിറദീപങ്ങളൊരുക്കി ആഘോഷം
ഇന്ന് ദീപാവലി. മൺചിരാതുകളിൽ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങും ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക.

പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. പല നിറങ്ങൾ ചാലിച്ച മധുര പലഹാരങ്ങൾ ആകർഷകമാണ്. പാൽ, ഖാജു വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെയും.

അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്‌ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ദീപങ്ങൾ ഒരുക്കും. രംഗോലികൾ തയ്യാറാകും.

ചെരാതുകളിൽ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂർവാധികം ഭംഗിയാക്കും നാടും നഗരവും.

ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. വനവാസശേഷം അയോദ്ധ്യയിലെത്തുന്ന ശ്രീരാമനെ ജനങ്ങൾ വരവേറ്റതിന്റെ ആഘോഷമായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിനത്തിന്റെ ഓർമ്മയായുമെല്ലാം ദീപാവലിയെ വാഴ്‌ത്താറുണ്ട്.

ഇത്തവണയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പടക്ക കടകൾ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതൽ സ്റ്റാർ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങൾ വിപണിയിൽ ലഭ്യമാണ്.