ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

farmers protest

ന്യൂഡൽഹി: ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കാത്തതടക്കം വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബന്ദ് നടത്തുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കർഷക സംഘടനകളെ കൂടാതെ വ്യാപാരികളുടെയും വാഹന ഉടമകളുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംയുക്ത കിസാൻ മോർച്ച അടക്കം നിരവധി കർഷക സംഘടനകൾ സമരത്തിന്റെ ഭാഗമാകുമെന്ന് ടിക്കായത്ത് അവകാശപ്പെട്ടു. കർഷക സമരം മാത്രമായി ബന്ദ് ഒതുങ്ങില്ല. ബന്ദിന്റെ ഭാഗമായി കർഷകർ കൃഷിയിടങ്ങളിൽ പോകാതെ ജോലി ബഹിഷ്കരിക്കും. അന്നേ ദിവസം ജനങ്ങൾ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

നേരത്തെ, അമാവാസി ദിനത്തിൽ കർഷകർ ജോലിക്കിറങ്ങിയിരുന്നില്ല. സമാനമായ രീതിയിൽ ഫെബ്രുവരി 16 കർഷകരുടെ മാത്രം അമാവാസിയായിരിക്കും. അന്ന് ജോലി ബഹിഷ്കരിച്ചുകൊണ്ട് കർഷകർ ബന്ദിന് പിന്തുണ പ്രഖ്യാപിക്കുന്നതുവഴി രാജ്യത്തിന് വലിയ സന്ദേശം നൽകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.