വിവാഹം കഴിഞ്ഞ് 9 വർഷം, 8 കുട്ടികൾ; ഒടുവിൽ ഭര്‍ത്താവിന് മറ്റൊരു ഭാര്യ; 232 കോടി നഷ്ടപരിഹാരം വേണമെന്ന് യുവതി !

വിവാഹം കഴിഞ്ഞ് 9 വർഷം, 8 കുട്ടികൾ; ഒടുവിൽ ഭര്‍ത്താവിന് മറ്റൊരു ഭാര്യ; 232 കോടി നഷ്ടപരിഹാരം വേണമെന്ന് യുവതി !



ചൈനയില്‍ 33 കാരിയായ യുവതി തന്‍റെ 61 കാരനായ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ 28 മില്യണ്‍ ഡോളര്‍ (2,32,74,30,000 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കി. പിന്നാലെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഈ കേസ് വൈറലായി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത യുവതിയാണ് 10 വര്‍ഷത്ത ദാമ്പത്യത്തിനിടെ തന്‍റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് കണ്ടെത്തിയത്. 2015 ല്‍ വിവാഹം കഴിച്ച ഇരുവര്‍ക്കും അഞ്ച് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ടെന്ന് സ്റ്റാർ വീഡിയോ റിപ്പോർട്ട് ചെയ്യുന്നു. 

സിചുവാൻ പ്രവിശ്യയിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ള യുവതി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്‍റെ 23 മത്തെ വയസില്‍ ഓണ്‍ലൈനിലൂടെയാണ് ഭര്‍ത്താവിനെ കണ്ടെത്തിയത്. പരിജയപ്പെട്ടപ്പോള്‍ അവിവാഹിതനാണ് എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും അതിനാല്‍ തങ്ങളുടെ ബന്ധം നിയമപരമാണെന്നും യുവതി സ്റ്റാര്‍ വീഡിയോയോട് പറഞ്ഞു. 2015 ല്‍ വിവാഹം കഴിക്കുമ്പോള്‍ തന്നെ 10 കുട്ടികള്‍ വേണമെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നു. 'കുട്ടികളില്‍ ഒരാളെങ്കിലും ജീവിതത്തില്‍ വിജയിക്കുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുവതി സ്റ്റാര്‍ വീഡിയോയ്ക്ക് മുന്നില്‍ കാണിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടികള്‍ അമേരിക്കയില്‍ വാടക അമ്മയ്ക്ക് ജനിച്ചതാണെന്ന് വ്യക്തമാക്കുന്നു. 

അഞ്ച് ആൺമക്കളുടെയും മൂന്ന് പെൺമക്കളുടെയും ജനനത്തിനായി അവർ 10 ദശലക്ഷം യുവാൻ (11,63,38,600 രൂപ) ചെലവഴിച്ചതായും യുവതി അവകാശപ്പെട്ടു. എന്നാല്‍, എട്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഭര്‍ത്താവ്, തനിക്ക് നല്‍കിയ സ്വത്തുക്കള്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കേസ് ഫയല്‍ ചെയ്തു. ഇതോടെ താന്‍ തകര്‍ന്ന് പോയതായും യുവതി പറയുന്നു. പിന്നാലെ അയാള്‍ക്ക് മറ്റൊരു ഭാര്യയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്നു പോയി. 

എന്നാല്‍, കുട്ടികളെ താന്‍ ഭര്‍ത്താവിന് കൊടുക്കില്ലെന്നും അവരെ വളര്‍ത്താന്‍ പ്രതിമാസം 200,000 യുവാൻ (1,38,92,280 രൂപ) ചെലവുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പണം കണ്ടെത്തുന്നതിനായി അവര്‍ ഭര്‍ത്താവിനും അയാളുടെ കുടുംബത്തിനുമെതിരെ 2,32 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചൈനീസ് കോടതിയില്‍ കേസിന്‍റെ വിചാരണ ആരംഭിച്ചത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കേസ് വൈറലായി. കഴിഞ്ഞ കുറച്ച്  വര്‍ഷങ്ങളായി ചൈനയില്‍ വിവാഹ മോചന വാര്‍ത്തകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ സംവാദങ്ങള്‍ക്കാണ് വഴി തുറക്കുന്നതെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.