മൊബൈല്‍ മോഷ്‌ടിക്കാന്‍ ശ്രമം; കള്ളന്റെ കൈവിടാതെ യാത്രക്കാര്‍, ജനാലയില്‍ തൂങ്ങിക്കിടന്നത്‌ ഒരു കിലോമീറ്റര്‍!

മൊബൈല്‍ മോഷ്‌ടിക്കാന്‍ ശ്രമം; കള്ളന്റെ കൈവിടാതെ യാത്രക്കാര്‍, ജനാലയില്‍ തൂങ്ങിക്കിടന്നത്‌ ഒരു കിലോമീറ്റര്‍!



പട്‌ന: ട്രെയിന്റെ ജനാലയിലൂടെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റാന്‍ ശ്രമിച്ച മോഷ്‌ടാവിന്റെ കൈയില്‍ പിടിച്ചുവലിച്ച്‌ ഉടമ. മറ്റ്‌ യാത്രികര്‍ കൂടി പിടിമുറുക്കിയതോടെ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഒരു കിലോമീറ്ററോളം മോഷ്‌ടാവ്‌ തൂങ്ങിക്കിടന്നു. രക്ഷപ്പെടുത്തിയത്‌ കൂട്ടാളികള്‍.
ഏതായാലും, യാത്രക്കാരുടെ അവസരോചിത ഇടപെടല്‍ മോഷ്‌ടാക്കള്‍ക്കു ശരിക്കുമൊരു പാഠമായി. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്‌. സമാന സംഭവങ്ങള്‍ പതിവായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ബിഹാറില്‍ നിന്നുള്ളതാണ്‌ ഈ വീഡിയോ എന്നാണ്‌ അനുമാനം. അതേസമയം, എന്നു നടന്ന സംഭവമാണ്‌ ഇതെന്നു വ്യക്‌തമല്ല. മോഷ്‌ടാവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു നീങ്ങുന്നതിനിടെ യാത്രക്കാര്‍ പകര്‍ത്തിയതാണ്‌ ദൃശ്യങ്ങള്‍. ബിഹാര്‍ ഭഗല്‍പൂരിനടുത്തുള്ള കലേഷ്‌ ആണ്‌ ഓടുന്ന ട്രെയിനില്‍നിന്ന്‌ യാത്രക്കാരന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന്‌ എക്‌സില്‍ വീഡിയോയുടെ അടിക്കുറിപ്പിലുണ്ട്‌. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2022-ലും സമാന സംഭവം ബിഹാറില്‍ അരങ്ങേറിയിരുന്നു. സാഹെബ്‌പുര്‍ കമല്‍ സ്‌േറ്റഷനില്‍ ട്രെയിന്‍ നിര്‍ത്തിയിരിക്കെയാണ്‌ അന്ന്‌ ജനാലയിലൂടെ ഫോണ്‍ തട്ടിയെടുക്കാന്‍ മോഷ്‌ടാവ്‌ ശ്രമിച്ചത്‌. ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടുതുടങ്ങുമ്പോഴായിരുന്നു ഇത്‌. അന്നും യാത്രക്കാര്‍ കൈയില്‍ കയറിപ്പിടിച്ചു. ആ യാത്ര 10 കിലോമീറ്ററോളം നീണ്ടു. ട്രെയിന്‍ ഖഗാരിയയ്‌ക്ക്‌ അടുത്തെത്തിയപ്പോള്‍ യാത്രക്കാര്‍ കൈവിട്ടു. അതോടെ അയാള്‍ ജീവനും കൊണ്ട്‌ പാഞ്ഞു.