തെലങ്കാനയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയില്‍ പ്രതിഷേധം; ഡ്രൈവര്‍ സ്വന്തം ഓട്ടോറിക്ഷ കത്തിച്ചു

തെലങ്കാനയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയില്‍ പ്രതിഷേധം; ഡ്രൈവര്‍ സ്വന്തം ഓട്ടോറിക്ഷ കത്തിച്ചു


തെലങ്കാനയിൽ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധിച്ച ഓട്ടോറിക്ഷാ ഡ്രൈവർ സ്വന്തം വാഹനം കത്തിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവനു സമീപം ദേവ (45) എന്ന ഡ്രൈവറാണ് വാഹനത്തിന് തീ കൊളുത്തുകയും സ്വയം തീകൊളുത്താൻ ശ്രമിക്കുകയും ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് ഓട്ടോറിക്ഷയിൽ പ്രജാഭവനിലേക്ക് ഓടിക്കയറി വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസും പ്രജാഭവനിലെ സെക്യൂരിറ്റിയും ചേർന്ന് ഇയാളെ വലിച്ചിഴച്ച് തീ കൊളുത്തുന്നത് തടഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചുവെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു.മഹബൂബ് നഗർ സ്വദേശിയായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന ‘മഹാലക്ഷ്മി’ പദ്ധതിക്കെതിരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിഷേധത്തിലാണ്. പദ്ധതി തങ്ങളുടെ ദിവസ വരുമാനത്തെ ബാധിക്കുവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. നഷ്ടം മറികടക്കാൻ സർക്കാർ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിൽ ഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിവരികയാണ്.

മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍‌ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നുള്ളത് തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.കഴിഞ്ഞ ഡിസംബര്‍ 1 മുതലാണ് മഹാലക്ഷ്മി പദ്ധതി പ്രാബല്യത്തില്‍ വന്നത്.
മഹാലക്ഷ്മി യോജന പ്രകാരം സൗജന്യ യാത്രക്കൊപ്പം സ്ത്രീകള്‍ക്ക് മാസം 2500 രൂപയും നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു