കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം ഗ്യാന്‍വ്യാപിയുടെ തെക്കേ നിലവറിയില്‍ പൂജയും ആരതിയും; പുതിയഗേറ്റും വെച്ചു

കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം ഗ്യാന്‍വ്യാപിയുടെ തെക്കേ നിലവറിയില്‍ പൂജയും ആരതിയും; പുതിയഗേറ്റും വെച്ചു


വരാണസി: ഗ്യാന്‍വാപി മോസ്‌ക് സമുച്ചയത്തിലെ തെക്കുവശത്തുള്ള നിലവറയില്‍ പൂജ നടത്താന്‍ വാരണാസി ജില്ലാകോടതിയുടെ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പൂജയും ആരംഭിച്ചു. തെക്കുഭാഗത്തെ സെല്ലാറില്‍ കാശി വിശ്വനാഥ ക്ഷേത്രം ടെസ്റ്റിലെ പൂജാരി എത്തി ഇവിടെ ശയന്‍ ആരതി നടത്തി. സതേണ്‍ സെല്ലാര്‍ വാതിലിന് സമീപത്തുണ്ടായിരുന്ന സ്റ്റീല്‍ അഴികള്‍ മുറിച്ചുമാറ്റി ഇവിടെ ഒരു ഗേറ്റ് സ്ഥാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇവിടെ മംഗളാരതി ഉഴിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹിന്ദു വിഭാഗത്തിന് മുദ്രവച്ചിരുന്ന നിലവറയില്‍ പൂജ നടത്താന്‍ ഏഴു ദിവസത്തിനുള്ളില്‍ സൗകര്യം ഒരുക്കി നല്‍കണമെന്നു വരാണസി ജില്ലാ ഭരണകൂടത്തിനു വാരണാസി ജില്ലാ കോടതി കഴിഞ്ഞദിവസമാണ് നിര്‍ദേശം നല്‍കിയത്. ഈ ഭാഗത്തു ഇരുമ്പുവേലി ഉയര്‍ത്താനും പൂജാരി ആരായിരിക്കണമെന്നു കാശി വിശ്വനാഥ ട്രസ്റ്റ് ബോര്‍ഡിനു തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു.

പൂജയ്ക്ക് അനുമതി തേടി വരാണസിയിലെ വേദവ്യാസ പീഠ ക്ഷേത്രത്തിലെ മുഖ്യപൂജാരി െശെലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണു കോടതി ഉത്തരവിട്ടത്. 1993 വരെ ഈ നിലവറയില്‍ പൂജ നടത്തിയിരുന്നതായും ഹര്‍ജിയില്‍ അവകാശപ്പെടുന്നു. നിലവറയുടെ റിസീവറായി ജനുവരി 17 നു കോടതി ജില്ലാ മജിസ്‌ട്രേറ്റിനെ നിയമിച്ചതിനെത്തുടര്‍ന്ന് 24 ന് ജില്ലാ ഭരണകൂടം നിലവറയുടെ ചുമതല ഏറ്റെടുത്തിരുന്നു.

ജില്ലാ കോടതി ഉത്തരവിനെതിരേ അലഹബാദ് െഹെക്കോടതിയെ സമീപിക്കുമെന്നു മസ്ജിദ് കമ്മിറ്റി അറിയിച്ചു. മോസ്‌ക് സമുച്ചയവുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ.)യുടെ റിപ്പോര്‍ട്ട് പുറത്തായതിനു പിന്നാലെയാണു കോടതി വിധി. നേരത്തെയുണ്ടായിരുന്ന ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാനത്താണോ മോസ്‌ക് പണിതത് എന്നു പരിശോധിക്കാന്‍ വരാണസി ജില്ലാ കോടതി എ.എസ്.ഐയെ ചുമതലപ്പെടുത്തിയിരുന്നു. 17-ാം നൂറ്റാണ്ടില്‍ ഔറംഗസീബിന്റെ ഭരണകാലത്ത് ഒരു ക്ഷേത്രം തകര്‍ത്തതായാണു കാണപ്പെടുന്നതെന്ന് എ.എസ്.ഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.