പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനായ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അറസ്റ്റ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനായ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അറസ്റ്റ്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനായ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുരയില്‍ മാര്‍ച്ച് 22നാണ് സംഭവം നടന്നത്. 11 വയസുകാരിയായ പെണ്‍കുട്ടിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊല്ലപ്പെട്ടത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

മാതാപിതാക്കളുടെ മരണശേഷം കുട്ടി അമ്മാവന്റേയും അമ്മായിയുടേയും സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അമ്മാവന്‍ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്.

അതേസമയം, കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമത്തെ കുറിച്ച് അമ്മായിക്ക് അറിയാമായിരുന്നുവെങ്കിലും അത് മറച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. പോക്‌സോ കേസ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.