കെജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കലും : ഇന്ത്യയെ നിരീക്ഷിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്ക


കെജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കലും : ഇന്ത്യയെ നിരീക്ഷിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്ക


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി അമേരിക്ക. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്ന് അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വീണ്ടും അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയിലെ സാഹചര്യം അമേരിക്ക നിരീക്ഷിക്കുകയാണെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ നടപടികള്‍ വേഗത്തില്‍ ഉണ്ടാകണമെന്നും അമേരിക്ക ആവര്‍ത്തിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരേ നേരത്തേ ജര്‍മ്മനി നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് അമേരിക്കയും രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയൂടെ ആഭ്യന്തര കാര്യത്തില്‍ ആരും ഇടപെടേണ്ടതില്ലെന്നും ഇവിടെ നീതിയുക്തവും സ്വതന്ത്രവുമായ ഒരു നിയമവ്യവസ്ഥ ഉണ്ടെന്നും അത് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ന്യൂഡല്‍ഹിയിലെ യുഎസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബെനയെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. അതേസമയം അക്കൗണ്ട് മരവിപ്പിക്കല്‍ അടക്കമുള്ള കോണ്‍ഗ്രസിന്റെ പരാതിയും അമേരിക്ക ശ്രദ്ധിക്കുന്നുണ്ട്. എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ലെന്നും സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ ആവര്‍ത്തിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്ക് ഓഫീസില്‍ ഇന്നലെ 40 മിനിറ്റോളമാണ് ഇന്ത്യയുടേയും അമേരിക്കയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനും മില്ലര്‍ പ്രതികരിച്ചു, 'വരാനിരിക്കുന്ന കാലയളവില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നത് വെല്ലുവിളിയാക്കുന്ന തരത്തില്‍ നികുതി അധികാരികള്‍ അവരുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം.

'സംസ്ഥാനങ്ങള്‍ മറ്റുള്ളവരുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സഹ ജനാധിപത്യ രാജ്യങ്ങളുടെ കാര്യത്തില്‍ ഈ ഉത്തരവാദിത്തം ഇതിലും കൂടുതലാണ്. അല്ലാത്തപക്ഷം ഇത് അനാരോഗ്യകരമായ മാതൃകകള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാം,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് നേരത്തേ ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസ് പറഞ്ഞിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കുകയും ജര്‍മ്മന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി 'ആഭ്യന്തര കാര്യങ്ങളില്‍ നഗ്‌നമായ ഇടപെടേണ്ട' എന്ന് താക്കീത് ചെയ്യുകയും ചെയ്തു.