ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച: ഇ.പിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ചേക്കും

ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച: ഇ.പിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ചേക്കും
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സാധ്യത. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കാനാണ് സാധ്യത. ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കാണപ്പെടുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ ഇടതുകണ്‍വീനര്‍ പ്രതിസന്ധിയുണ്ടാക്കിയതിന്റെ ആഘാതത്തിൽ നിന്ന് സി.പി.എമ്മും ഇടതുമുന്നണിയും വിട്ടുമാറിയിട്ടില്ല. ഇപിക്കെതിരെ കടുത്ത അമർഷമാണ് മുന്നണിയിൽ കാണപ്പെടുന്നത് . അതിനാൽ കൺവീനർ സ്ഥാനം ഇപിയ്‌ക്ക് നഷ്ടമാകാനാണ് സാധ്യത.

വോട്ട് രേഖപ്പെടുത്തിയ ശേഷം ഇ.പി.ജയരാജന്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍തന്നെ അമ്പരപ്പുളവാക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ വിവാദം തണുപ്പിച്ചെങ്കിലും കേന്ദ്രകമ്മിറ്റിയംഗംകൂടിയായ ഇ.പി.യുടെ വിഷയത്തിൽ സി.പി.എമ്മില്‍ സംഘടനാപരിശോധന ആവശ്യമാകും.

ദല്ലാള്‍ നന്ദകുമാറിനൊപ്പമെത്തിയ പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ സംസാരിച്ചെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ അറ്റകൈ പ്രയോഗമെന്ന രീതിയിലാണ് പിണറായിയുടെ ഈ പരസ്യശാസന. അത് ഉചിതമായെന്നും വിവാദം സംബന്ധിച്ച സത്യസ്ഥിതി ബോധ്യപ്പെടാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം സഹായിച്ചുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇ.പി.യുടെ വെളിപ്പെടുത്തലിന് പിന്നാലെ , വൈകാതെതന്നെ സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തില്‍നിന്ന് വിവരങ്ങളും ആവശ്യപ്പെട്ടു.