കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ ഒടുവിൽ കേസെടുത്തു, കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ ഒടുവിൽ കേസെടുത്തു, കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി 


കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട്  നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം  ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്. 

നേരത്തെ ന്യൂമാഹി പൊലീസ് ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി  അസ്ലമിനെതിരെയാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്. ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.