സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ 2322 പേർ ഹജ്ജിനെത്തു

സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ 2322 പേർ ഹജ്ജിനെത്തു


റിയാദ്​: ഇത്തവണ സൽമാൻ രാജാവിന്റെ അതിഥികളായി 2322 പേർ ഹജ്ജിനെത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇത്രയും തീർഥാടകർക്ക്​ ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ്​ ചൊവ്വാഴ്​ചയാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. 

88 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300  തീർഥാടകർ, പലസ്തീൻ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1000 പേർ, സൗദിയിൽ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങളിൽ നിന്ന്​ 22 പേർ ഇതിലുൾപ്പെടും. ഖാദിമുൽ ഹറമൈൻ ഹജ്ജ്​, ഉംറ, സിയാറ പദ്ധതിയുടെ ഭാഗമായാണ്​ ഇത്രയും പേർ ഹജ്ജിനെത്തുക​. സൗദി മതകാര്യ വകുപ്പ്​ ആണ്​ ഇത്​ നടപ്പിലാക്കുന്നത്​. തീർഥാടകർ സ്വദേശത്ത്​ നിന്ന്​ പുറപ്പെട്ടതു മുതൽ ഹജ്ജ്​ കഴിഞ്ഞു തിരിച്ചുപോകുന്നതുവരെയുള്ള യാത്ര, താമസം, ഭക്ഷണം തുടങ്ങി മുഴുവൻ ചെലവുകൾ സൗദി ഭരണകൂടമാണ്​ വഹിക്കുക.

ഈ വർഷം 2322 തീർഥാടകരെ​ ആതിഥേയത്വം വഹിക്കാനുള്ള രാജകീയ ഉത്തരവിന്​ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ നന്ദി പറഞ്ഞു. ഉദാരമായ ഈ  രാജകീയ ഉത്തരവ്​ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നിറവേറ്റാനുമുള്ള സൗദി ഭരണകൂടത്തി​െൻറ നിരന്തരമായ താൽപ്പര്യത്തെ ഉൾക്കൊള്ളുന്നു. ഇസ്​ലാമിനോടും മുസ്​ലിംകളോടുമുള്ള പരിഗണനയും ശ്രദ്ധയുമാണ്​. മക്കയിലും മദീനയിലും ഒരുക്കിയ സേവനങ്ങൾക്കിടയിൽ ഹജ്ജിനെത്തുന്ന ഇത്രയും തീർഥാടകരുടെ ഒത്തുചേരൽ ഐക്യത്തിന്റെയും സാഹോദര്യത്തിൻറെയും ബന്ധങ്ങൾ ആഴത്തിലാക്കുന്നുവെന്നും മതകാര്യ വകുപ്പ്​ മന്ത്രി പറഞ്ഞു.