കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; ഇതുവരെ റദ്ദാക്കിയത് 4 സർവീസുകൾ; പ്രതിഷേധിച്ച് യാത്രക്കാർ


കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; ഇതുവരെ റദ്ദാക്കിയത് 4 സർവീസുകൾ; പ്രതിഷേധിച്ച് യാത്രക്കാർ


കണ്ണൂർ: ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. അവസാന നിമിഷമാണ് 4.20ന്റെ ഷാർജ വിമാനം കാന്‍സല്‍ ചെയ്ത അറിയിപ്പെത്തുന്നത്. കണ്ണൂരിൽ നിന്ന് ഇതുവരെ 4 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ കണ്ണൂരിൽ പുലർച്ചെ പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. മസ്കറ്റ്‌, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്. 

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ ഇതേ തുടര്‍ന്ന് റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് എയർ ഇന്ത്യ എംഡി അറിയിച്ചു.  തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതൽ വലഞ്ഞു.

ഇന്നലെ രാത്രി മുതലാണ് വിമാനങ്ങൾ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാർ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. കരിപ്പൂരിൽ റദ്ദാക്കിയത് 12 സർവ്വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും അഞ്ച് വീതം സർവ്വീസുകൾ. കണ്ണൂര പ്രതിഷേധവുമായി ഏറെനേരം കാത്തു നിന്ന ചിലർക്ക് പകരം ടിക്കറ്റുകൾ ലഭിച്ചു. യാത്ര തുടരാൻ കഴിയാതെ പോയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.