വൈശാഖ മഹോത്സവം; നിത്യപൂജകൾക്ക് തുടക്കമായി

വൈശാഖ മഹോത്സവം; നിത്യപൂജകൾക്ക് തുടക്കമായി കൊട്ടിയൂർ :  മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ നിന്നും തിരുവാഭരണങ്ങളും പൂജാ പാത്രങ്ങളും ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള വാളുകളും അടങ്ങിയ ഭണ്ഡാരം എഴുന്നള്ളത്ത് ബുധനാഴ്ച അർദ്ധ  രാത്രിയോടെ അക്കരെസന്നിധിയിൽ എത്തിയതോടെ വൈശാഖ മഹോത്സവത്തിലെ നിത്യപൂജകൾക്ക് തുടക്കമായി. കഴിഞ്ഞ വർഷം പൂർത്തിയാക്കാതെ  ബാക്കി നിർത്തിയ പൂജാദികർമ്മങ്ങൾ  പൂർത്തിയാക്കിയശേഷമാണ് വ്യാഴാഴ്ച  ഉച്ചയോടെ നിത്യപൂജകൾക്ക് തുടക്കമായത്. ഈ വർഷത്തെ ആദ്യ ശീവേലിയും വ്യാഴാഴ്ച നടന്നു.  ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ സ്ത്രീജനങ്ങൾക്കും പ്രവേശനം അനുവദിച്ചു. ഇതോടെ വലിയ ഭക്തജനത്തിരക്കാണ് വ്യാഴാഴ്ച ഉച്ചവരെ അനുഭവപ്പെട്ടത്. ഭക്തജനങ്ങൾക്കായി വിപുലമായസൗകര്യങ്ങൾ ആണ് ഇക്കുറി ദേവസ്വം അക്കരെസന്നിധിയിൽ ഒരുക്കിയിരിക്കുന്നത്.