കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് ഇന്ന്

കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് ഇന്ന്

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ഇന്ന്കൊട്ടിയൂരിൽ നടക്കും.കൊട്ടിയൂരിലേക്കുള്ള 28 ദിവസത്തെ എണ്ണയും കൊണ്ടുള്ള എണ്ണ സംഘം പടുവിലായി കിള്ളിയോട് തറവാട് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു ശ്രീ കുണ്ടേൻ മഹാവിഷ് ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ഇന്ന് രാവിലെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.വൈശാഖോത്സവത്തിന് മുമ്പ് അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.
സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ. ഇക്കരെ കൊട്ടിയൂരിൽ നടക്കുന്ന അടിയന്തര യോഗത്തിന് ശേഷം പടിഞ്ഞിറ്റ നമ്പൂതിരിയുടെയും സമുദായി സ്ഥാനികന്റെയും നേതൃത്വത്തിലുള്ള സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിലെ കൂവപ്പാടത്ത് എത്തിച്ചേരും. അവിടെ നിന്നും കൂവയില പറിച്ചെടുത്ത് ബാവലിയിൽ സ്നാനം ചെയ്ത് കൂവയിലയിൽ തീർത്ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തിച്ചേരും. ആദ്യം ഒറ്റപ്പിലാൻ സ്ഥാനികന്റെ നേതൃത്വത്തിൽ പുറംകലയൻ, ജന്മാശാരി എന്നിവർ അക്കരെ സന്നിധിയിൽ പ്രവേശിച്ച് മണത്തറ സ്ഥാനത്ത് ജലം അഭിഷേകം ചെയ്യും. തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ പ്രവേശിച്ച് ബാവലി തീർത്ഥം സ്വയംഭൂ സ്ഥാനത്ത് അഭിഷേകം ചെയ്യും. ക്ഷേത്ര ഊരാളന്മാരും മറ്റ് സ്ഥാനികരും ഈ സമയത്ത് തിരുവഞ്ചിറയിൽ എത്തിച്ചേർന്നിരിക്കും. 21 നാണ് നെയ്യാട്ടം.