തെരുവിളക്കുകളുടെ ബാറ്ററി മോഷ്ടാവ് അറസ്റ്റിൽ

തെരുവിളക്കുകളുടെ ബാറ്ററി മോഷ്ടാവ് അറസ്റ്റിൽ ഇരിട്ടി: തലശേരി - വളവുപാറ കെ എസ് ടി പി റോഡിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ തെരുവ് വിളക്കിന്റെ ബാറ്ററികൾ മോഷ്ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിലായി. ഉളിൽ പാലത്തിന് സമീപം വെച്ച് വിളക്ക് കാലിൽ നിന്നും ബാറ്ററി അഴിച്ചുമാറ്റുന്നതിനിടെ പിടികൂടി മോഷ്ടാവിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. മലപ്പുറം തേഞ്ഞി പാലത്തെ കുമണ്ണ കാവുങ്ങുംതോട്ടത്തിൽ കുഞ്ഞ് ഹസ്സൻ (41) നെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ഉളിയിൽ പാലത്തിന് സമീപത്ത് വച്ചാണ് ഗുഡ്‌സ് ഓട്ടോയിലെത്തിയ രണ്ടംഗ സംഘം സോളാർ വിളക്കിന്റെ ബാറ്ററി അഴിച്ചെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓടിയെത്തിയ നാട്ടുകാർ ഒരാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഗുഡ്‌സ് ഓട്ടോയുമായി കടന്നു കളഞ്ഞു. മോഷ്ടാവിനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. സോളാർ വിളക്കിൽ നിന്നും അഴിച്ചു വച്ച രണ്ടു ബാറ്ററികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
കൂട്ടുപുഴ പുഴ മുതൽ തലശേരി വരെ സ്ഥാപിച്ച സോളാർ വിളക്കുകളിൽ മൂന്നിലൊന്ന് പോലും ഇപ്പോൾ പ്രകാശിക്കുന്നില്ല. ഒരെണ്ണത്തിന്  ഒരു ലക്ഷത്തോളം ചിലവ് വരുന്ന നൂറുകണക്കിന് വിളക്കുകളാണ് സ്ഥാപിച്ചത്. മട്ടന്നൂർ മുതൽ  കളറോഡ് വരെയുള്ള ഭാഗങ്ങളിൽ ഇവയിൽ  ഒന്ന് പോലും പ്രകാശിക്കുന്നില്ല. ഇവിടങ്ങളിലാണ് വ്യാപകമായി ബാറ്ററി മോഷണവും വാഹനം ഇടിച്ച് വിളക്കുകാലുകൾ  തകർക്കലും ഉണ്ടായിരിക്കുന്നത്. ഇരിട്ടി ടൗണിൽ മാത്രം ഇത്തരത്തിൽ  പ്രവർത്തനരഹിതമായ 30 തോളം വിളക്കുകൾ ഉണ്ട്.   തലശേരി മുതൽ വളവുപാറ വരെ വിളക്കുകൾ  സ്ഥാപിക്കുന്നതിന് ഒമ്പത് കോടിയോളം രൂപയാണ് കെ എസ് ടി പി ഫണ്ടിൽ അനുവദിച്ചത്. വിളക്കുകൾ സ്ഥാപിച്ച് ഒരു ദിവസം പോലും പ്രവർത്തിക്കാത്തതും മാസങ്ങൾക്കുളിൽ പ്രവർത്ത രഹിതമായതുമായവയാണ് എല്ലാം.    
 പ്രവർത്തന രഹിതമായി കിടക്കുന്ന വിളക്കുകളുടെ   ഇത്തരം നൂറുകണക്കിന് ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്.  തുരുമ്പെടുത്ത് യാത്രക്കാരുടെ തലയ്ക്ക് മുകളിൽ ഏത് നിമിഷവും തകർന്നു വീഴാറായ നിലയിലായ ഇത്തരം ബാറ്ററികളിൽ ചിലത്  നാട്ടുകാരുടെ പരാതികൾക്കെടുവിൽ ഊരിവെക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്നവയാണ് വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്.