
തിരുവനന്തപുരം : കുഴിനഖ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഡോക്ടറെ തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജ് വീട്ടിലേക്ക് വിളിച്ച് വരുത്തിയതായി ആരോപണം. കഴിഞ്ഞ ദിവസം കലക്ടര്‍ ഡി.എം.ഒയെ വിളിച്ച് ചികിത്സയ്ക്കായി ഡോക്ടര്‍മാരില്‍ ഒരാളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പറഞ്ഞു.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് ഡി.എം.ഒ. മറുപടി നല്‍കി. എന്നാല്‍, കലക്ടര്‍ വീണ്ടും വിളിച്ച് ആവശ്യപ്പെട്ടതോടെ ഡി.എം.ഒ. ഡോക്ടറെ വിട്ടുനല്‍കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് കുഴിനഖത്തിനാണ് ചികിത്സ തേടിയതെന്ന് വ്യക്തമായത്. 20 മിനിറ്റോളം കാത്തുനില്‍ക്കേണ്ടി വന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
കലക്ടര്‍ ജെറോമിക് ജോര്‍ജ് നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്ന് കെ.ജി.എം.ഒ.എ. ചൂണ്ടിക്കാട്ടി. മുന്‍പ് പേരൂര്‍ക്കട മോഡല്‍ ആശുപത്രിയില്‍ നിന്നു സര്‍ക്കാര്‍ ഡോക്ടറെ നിസാര അസുഖം ചികിത്സിക്കുന്നതിനായി ജെറോമിക് ജോര്‍ജ് വിളിച്ചു വരുത്തിയിട്ടുണ്ടെന്ന് കെ.ജി.എം.ഒ.എ. പ്രസിഡന്റ് പത്മപ്രസാദ് പറഞ്ഞു. ഇനി ഇത്തരം നടപടിയുണ്ടായാല്‍ സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.