പ്രമുഖ സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു ; വിട പറഞ്ഞത് ജനകീയ സിനിമകളുടെ ശില്‍പ്പി

പ്രമുഖ സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു ; വിട പറഞ്ഞത് ജനകീയ സിനിമകളുടെ ശില്‍പ്പി


മലയാളത്തിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. കാന്‍സര്‍ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 6.15 ഓടെയായിരുന്നു ഹരികുമാറിന്റെ അന്ത്യം സംഭവിച്ചത്. 1981 ല്‍ ആമ്പല്‍പ്പൂ സിനിമയുമായി സംവിധാന രംഗത്തേക്ക് വന്ന അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആയിരുന്നു.

സുകൃതവും ഉദ്യാനപാലകനും അടക്കം 16 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. എംടി യൂടെ തിരക്കഥയില്‍ ചെയ്ത സുകൃതവും ലോഹിതദാസിന്റെ തിരക്കഥയില്‍ ചെയ്ത ഉദ്യാനപാലകനും അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. 20 ലധികം മലയാള സിനിമകള്‍ക്ക് തിരക്കഥ സംഭാഷണം ഒരുക്കിയിട്ടുള്ളയാളാണ് അദ്ദേഹം. 2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ അംഗമായിരുന്നു.

സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വം മീര. ആമ്പല്‍ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. രണ്ടു വര്‍ഷം മുമ്പ് സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ഒന്നിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായിരുന്നു അവസാന ചിത്രം.