പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം.

https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി പരീക്ഷാഫലം അറിയാൻ സാധിക്കും. ഇക്കൊല്ലം 4,14,159 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഈ വർഷം മൂല്യനിർണ്ണയം നേരത്തെ തന്നെ പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചിരിക്കുന്നത്. അതേസമയം, ബുധനാഴ്ച പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. അപേക്ഷയിലെ പിഴവുകൾ തിരുത്താൻ ഇതിനു ശേഷം അവസരം നൽകും.

തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റം വരുത്താനാകും. ഈ വർഷം 4,65,960 പേരാണ് ഏകജാലക രീതിയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം.

പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്‌ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്കൂളും വിഷയവും ഉൾപ്പെടെ മാറ്റാം.

ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയ്‌ക്ക് അർഹതയുള്ളവർ അപേക്ഷയിൽ അക്കാര്യം ഉൾപ്പെടുത്തണം. പ്രവേശനസമയത്ത് അതിനുള്ള സർട്ടിഫിക്കറ്റു ഹാജരാക്കണം.ഹാജരാക്കാൻ കഴിയാത്തവർ ട്രയൽ അലോട്‌മെന്റിനു പിന്നാലെ അപേക്ഷയിൽ ആവശ്യമായ തിരുത്തൽ വരുത്തണം. തെറ്റായവിവരം നൽകി നേടുന്ന അലോട്‌മെന്റ് റദ്ദാക്കും. ജൂൺ അഞ്ചിനാണ് ആദ്യ അലോട്‌മെന്റ്.