കൊട്ടിയൂർ പെരുമാൾക്ക് പുണർതം ചതുശ്ശതം പായസം നിവേദിച്ചു

കൊട്ടിയൂർ പെരുമാൾക്ക് പുണർതം ചതുശ്ശതം പായസം നിവേദിച്ചു

കൊട്ടിയൂർ: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ഇന്നലെ കൊട്ടിയൂർ പെരുമാൾക്ക് പുണർതം നാൾ മധുരം പകർന്ന് ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. വൈശാഖോത്സവ കാലത്ത് നാല് ചതുശ്ശതം വലിയ വട്ടളം പായസമാണ് പെരുമാൾക്ക് നിവേദിക്കുന്നത്. ഇന്നലെ രണ്ടാമത്തെ പായസ നിവേദ്യമായ പുണർതം ചതുശ്ശതം ഉച്ചയ്ക്ക് പന്തീരടി പൂജയോടൊപ്പമാണ്
പെരുമാൾക്ക് നിവേദിച്ചത്. അരി, തേങ്ങ, ശർക്കര, കദളിപ്പഴം എന്നീ നാലു പദാർത്ഥങ്ങൾ പ്രധാനമായും പ്രത്യേക അനുപാതത്തിൽ ചേർത്തുള്ള കൂട്ടാണ് കൊട്ടിയൂരിൽ ചതുശ്ശതം പായസം നിവേദിക്കുന്നതിന് ഉപയോഗിക്കുന്നത്. ആചാരപ്രകാരം കോട്ടയം കിഴക്കേ കോവിലകമാണ് പുണർതം ചതുശ്ശതം നടത്തുന്നത്. പായസം നിവേദിച്ച ശേഷം മണിത്തറയിലും കോവിലകം കൈയാലയിലും പായസം വിതരണം ചെയ്തു. മൂന്നാമത്തെ പായസ നിവേദ്യം നാളെ ആയില്യം നാളിലാണ് നിവേദിക്കുക