ദുരിതമഴക്ക് നേരിയ ശമനം: ഇരിട്ടി ബ്ലോക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ;പായത്ത് മണ്ണിടിഞ്ഞ് രണ്ട് വീടുകൾ അപകടഭീഷണിയിൽ

ദുരിതമഴക്ക് നേരിയ ശമനം: 
ഇരിട്ടി ബ്ലോക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി  59 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ;
പായത്ത്  മണ്ണിടിഞ്ഞ് രണ്ട് വീടുകൾ അപകടഭീഷണിയിൽ






ഇരിട്ടി : ഒരാഴ്ചയോളമായി തോരാതെ പെയ്ത ദുരിത മഴക്ക്  ബുധനാഴ്ചയോടെ നേരിയ ശമനം. മൂന്ന് ദിവസത്തിലേറെയായി നിറഞ്ഞൊഴുകിയ  ബാവലി, ബാരാപോൾ പുഴകളിലേക്കുള്ള നീരൊഴുക്ക്  കുറഞ്ഞതോടെ പഴശ്ശി പദ്ധതിയിൽ ഒരുമീറ്ററോളം വെളളം താഴ്ന്നു. ഇതോടെ വളപട്ടണം പുഴയിലേക്കുള്ള നീരൊഴുക്കിനും കാര്യമായ കുറവുണ്ടായി. അന്തർസംസ്ഥാന പാതയായ  ഇരിട്ടി - കൂട്ടുപുഴ കെ എസ് ടി പി റോഡിൽ വളവുപാറയിൽ മണ്ണിടിച്ചലിനെ തുടർന്ന് തിരിച്ചു വിട്ട ഗതാഗതം പുനസ്ഥാപിച്ചു. ഇവിടെ കൂടുതൽ മണ്ണിടിച്ചലിനുള്ള അപകട സാധ്യത കുറഞ്ഞതോടെയാണ് ഇതുവഴിയുളള ഗതാഗതം പുനസ്ഥാപിച്ചത്.  
മഴ തുടരാനുള്ള സാധ്യതയും  ഇപ്പോഴും നിലനിൽക്കുന്ന മണ്ണിടിച്ചിൽ  ഭീഷണിയെയും  തുടർന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ  48 കുടുംബങ്ങളെക്കൂടി മാറ്റി പാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്‌കൂളിലും, ആറളം പഞ്ചായത്തിലെ  മാങ്ങോട് നിർമ്മല എൽ പി സ്‌കൂളിലുമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് പായത്ത് രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 
   കരിക്കോട്ടകരയിൽ  എടപ്പുഴ മേഖലയിലെ 19 കുടുംബങ്ങളെയാണ് കരിക്കേട്ടക്കരി യു പി സ്‌കൂളിലേക്ക് മാറ്റിയിരിക്കുന്നത്.   ക്യാമ്പിൽ 36 സ്ത്രീകളും, 38 പുരുഷന്മാരും ഒൻപത് കുട്ടികളുമാണ് ഉള്ളത്. മാങ്ങോട് നിർമ്മല എൽ പി സ്‌കൂൾ ക്യാമ്പിൽ 40 കുടുംബങ്ങളാണ് കഴിയുന്നത്.  48 സ്ത്രീകളും 62 പുരുഷന്മാരും 15 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ബുധനാഴ്ച്ച ചതിരൂർ 110 ആദിവാസി ഊരിലെ 11കുടുംബങ്ങൾക്ക് വേണ്ടിയാണ് ക്യാമ്പ് തുടങ്ങിയതെങ്കിലും പിന്നീട് കുടുതൽ കുടുംബങ്ങളെ ക്യമ്പിലേക്ക് മാറ്റുകയായിരുന്നു.  
അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  പൊതുജന പങ്കാളിത്തത്തോടെ ഭക്ഷണം താമസ സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ്  ക്യാമ്പ് പ്രവർത്തിക്കുന്നത്. കരിക്കോട്ടകരി, മാങ്ങോട്  ക്യാമ്പുകളിൽ  ഇരിട്ടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കുര്യാച്ചൻ  പൈമ്പള്ളികുന്നേൽ, സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി, എൽസമ്മ ചേന്നംകുളം, ലിസി ജോസഫ്, ജോസഫ് വട്ടുകുളം, മിനി വിശ്വനാഥൻ, സിബി വാഴക്കാല, ഷൈനി വർഗീസ്, സെലീന ബിജോയി, ബിജോയ് പ്ലാത്തോട്ടം, ആറളം ഗ്രാമപഞ്ചായത്ത് പ്രിസഡന്റ്  കെ.പി. രാജേഷ് , വൈസ് പ്രിസിഡന്റ്  ജെസ്സി മോൾ വാഴപ്പള്ളി , പഞ്ചായത്ത് അംഗം  ജോസ് ആലാംപള്ളി , ഇ.സി. രാജു , ഐ ടി ഡി പി ഉദോഗസ്ഥർ , ഡെപ്യൂട്ടി തഹസിൽദാർ ടി.വി. ഷൈജ  മറ്റ് ഉദ്യോഗസ്ഥരായ സുധീഷ് ,സനീഷ്, വിഷ്ണു, ബിജു ജോൺ കരിക്കോട്ടക്കരി വില്ലേജ് ഓഫീസർ രാജു കെ പരമേശ്വരൻ, മനോജ് എം കണ്ടത്തിൽ , കെ.ടി. ജോസ്, പി. ജോസഫ് , കെ.വി. സക്കീർ ഹുസൈൻ, കെ. ശ്രീധരൻ, പി.പി. അശോകൻ , കെ.ജെ. സജീവൻ  എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
മാടത്തിൽ പള്ളിക്കുപിറകുവശത്തെ കുഞ്ഞിപ്പറമ്പത്ത് സുഹറയുടെ കുടുംബത്തെ മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് പായം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു. വീടിന് പിറകുവശം മണ്ണിടിയുകയും കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഒഴിപ്പിച്ചത്. കല്ലുമുട്ടിയിൽ കിഴക്കേ കുഴിപ്പള്ളി ജിതീഷിന്റെ കുടുംബവും മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് വീട്  വിട്ട് ബന്ധു വീട്ടിലേക്ക് താമസം മാറ്റി. വീട്ടിന് പിറകുവശത്തെ കുന്ന് ഇടിഞ്ഞ് വീടിന്റെ ചുമരിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരു വർഷം മുൻമ്പാണ് ജിതീഷ് പുതിയ വീട് നിർമ്മിച്ചത്.
  വീർപ്പാട് - ആറളം റോഡിൽ കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു.  സന്നദ്ധ പ്രവർത്തകർ കനത്ത മഴയെ അവഗണിച്ച്മരം  മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പഞ്ചായത്ത് അംഗങ്ങളായ  ജെസ്സി ഉമ്മിക്കുഴിയിൽ, അബ്ദുൾ നാസർ, വില്ലെജ് ഓഫീസർ  ജോൺ, ചെടിക്കുളം പള്ളി വികാരി ഫാ.പോൾ കണ്ടത്തിൽ, അജ്‌മൽ  എന്നിവരുടെ  നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരാണ് ശ്രമദാനം നടത്തിയത്.

വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു.

ഇരിട്ടി:കുയിലൂർ  ചീരങ്ങോട്ട് നിർമലയുടെ വീടിന്റെ  കിണർ  ഇടിഞ്ഞു താണു. കനത്ത മഴയിൽ  14 കോൽ ആഴമുള്ള കിണർ ഇടിഞ്ഞത്. കിണർ ഇടിഞ്ഞതോടെ  അടുത്തുള്ള സഹോദരൻ ബാബുവിന്റെ വീടിനു ഭീഷണിയായി.  
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കൂറ്റൻ മതിൽ ഇടിഞ്ഞു. വീണ് കിണർ ഇടിഞ്ഞ്  വീടും അപകടാവസ്ഥയിലായി.  കീഴൂർ വി. യു.പി സ്‌കുൾ റിട്ട. അധ്യാപിക എടക്കാനം എടയിൽക്കുന്ന് ഹൗസിൽ എം.കെ. ജാനകിയുടെ എടക്കാനം എടയിൽക്കുന്നിൽ നിർമ്മിക്കുന്ന വീടിന്റെ പിറകുവശത്തുള്ള കൂറ്റൻ മതിലാണ്  കനത്ത മഴയിൽ ഇടിഞ്ഞു വീണത്. അമ്പത് മീറ്ററോളം നീളത്തിൽ നിർമ്മിച്ച കോൺക്രീറ്റ് മതിലാണ് തകർന്നുവീണത്. മതിലിന്റെ പിറകിലെ കുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് മതിൽ  തകർന്നത്. വീടിനോട് ചേർന്ന  കിണറിന് മുകളിലേക്കാണ് മതിൽ തകർന്നു വീണത് ഇതോടെ കിണറും ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. മണ്ണും കൂറ്റൻ കല്ലുകളും  പതിച്ച് നിർമ്മാണത്തിലിരിക്കുന്ന വീടും അപകടാവസ്ഥയിലായി.