മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് ; പുലര്‍ച്ചെ വീട്ടിലേക്ക് ഇടിച്ചുകയറി


മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് ; പുലര്‍ച്ചെ വീട്ടിലേക്ക് ഇടിച്ചുകയറി


കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. തേവയ്ക്കലിലെ വീട്ടില്‍ അതിരാവിലെ ഏഴോളം വരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം എത്തുകയായിരുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് വാതില്‍ പൊളിച്ചായിരുന്നു അകത്തു കയറിയതെന്നാണ് വിവരം. ഹൈദരാബാദിലെ ഒരു കേസുമായി ബന്ധപ്പെട്ട് അവിടുത്തെ എന്‍ഐഎ സംഘമാണ് എത്തിയത്.

നേരത്തേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യെര്‍വാഡ ജയിലില്‍ അടയ്ക്കപ്പെട്ടയാളാണ് മുരളി കണ്ണമ്പിള്ളി. പിന്നീട് 2019 ല്‍ ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാകുകയും ചെയ്തിരുന്നു. അതിന് ശേഷം സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. അതേസമയം ഇപ്പോള്‍ എന്‍ഐഎ സംഘം ഏതുകേസുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നോ എപ്പോള്‍ എടുത്ത കേസ് ആണെന്നോ ഒക്കെയുള്ള വിവരം പുറത്തുവരാനുണ്ട്.

മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ അദ്ദേഹത്തിന് യാതൊരു സാവകാശവും നല്‍കാതെയാണ് എന്‍ഐഎ സംഘവം വീടിനുള്ളിലേക്ക് ഇടിച്ചുകയറിയത്. നാലു പതിറ്റാണ്ടു നീണ്ട ഒളിവ് ജീവിതത്തിന് ശേഷം 2015 മെയ് 8 നായിരുന്നു നേരത്തേ പുണെ എ.ടി.എസ്. മാവലിലെ വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. 76 ലെ കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണകേസില്‍ മുഖ്യപ്രതിയായിരുന്നു. ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്ന കരുണാകരമേനോന്റെ മകനായ മുരളി കോഴിക്കോട് ആര്‍.ഇ.സി.യില്‍ പഠിക്കുന്ന കാലത്താണ് സിപിഐഎംഎല്‍ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.