പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും


ഭർത്താവ് രാഹുലിനെതിരെ പോലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്.

photo - facebook

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്‍റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു.

ഭർത്താവ് രാഹുലിനെതിരെ പോലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.

പറവൂര്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ അതിക്രൂമായി മര്‍ദിച്ചെന്നാണ് കേസ്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും ഭര്‍ത്താവില്‍ നിന്നു നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് തുറന്നു പറച്ചിലുകള്‍ നടത്തിയ യുവതി പിന്നീട് നാടകീയമായി സമൂഹമാധ്യമത്തിലൂടെ മൊഴിയില്‍ നിന്നും മലക്കം മറിഞ്ഞതോടെ ഈ കേസ് പൊതുസമൂഹത്തില്‍ വലിയ ശ്രദ്ധനേടിയിരുന്നു. സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ആദ്യം ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയിരുന്നതെന്നാണ് യുവതിയുടെ വാദമെങ്കിലും പിതാവ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

യുവതിയുടെ കൂടെ പിന്തുണയോടെ കേസ് റദ്ദാക്കാന്‍ പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെട്ട മുഖ്യപ്രതി രാഹുലിനെതിരെ കൊലക്കുറ്റം ഗാര്‍ഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ അമ്മ, സഹോദരി, സുഹൃത്ത്, വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച പൊലീസുകാരന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഭര്‍ത്താവിന്റെ ഭീഷണിയും സമ്മര്‍ദ്ദവും കൊണ്ടാണ് യുവതി മൊഴി മാറ്റിയതെന്ന സത്യവാങ്മൂലം പോലീസ് ഹൈക്കോടതിക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതി എന്തു പറഞ്ഞു എന്നതല്ല പോലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയാണ് സുപ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു