വിദേശത്ത് നിന്നെത്തിയിട്ട് ചിലവ് ചെയ്തില്ല, ആലപ്പുഴയിൽ യുവാവിനെ തല്ലിച്ചതച്ചു, സ്വർണമാല കവർന്നു; പ്രതി പിടിയിൽ


വിദേശത്ത് നിന്നെത്തിയിട്ട് ചിലവ് ചെയ്തില്ല, ആലപ്പുഴയിൽ യുവാവിനെ തല്ലിച്ചതച്ചു, സ്വർണമാല കവർന്നു; പ്രതി പിടിയിൽ


വള്ളികുന്നം: ആലപ്പുഴയിൽ വിദേശത്ത് നിന്നെത്തിയതിന് ചിലവ് നൽകാത്തതിന് സുഹൃത്തിനെ മർദിച്ചവശനാക്കിയശേഷം സ്വർണമാല കവർന്ന് ഒളിവിൽപ്പോയ പ്രതി അഞ്ചുമാസത്തിനുശേഷം പൊലീസ് പിടിയിൽ. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനിൽ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റുചെയ്തത്. ഇലിപ്പക്കുളം കുറ്റിപ്പുറത്ത് വീട്ടിൽ ആകാശിന്റെ മാല പൊട്ടിച്ചെടുത്തു കടന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി 16-നു രാത്രിയിൽ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയിൽവെച്ചാണ് കേസിനാസ്പദമായ സംഭവം. 

കേസിൽ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശികളായ ഗോകുൽ (28), അരുൺ പൊടിയൻ (27) എന്നിവരെ നേരത്തേ റിമാൻഡുചെയ്തിരുന്നു. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാൻ സുഹൃത്തായ അരുൺ പൊടിയൻ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതിനെ തുടർന്ന് ആകാശിനെ മൂവരും ചേർന്ന് മർദിക്കുകയും കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയുകയുമായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതി ദീപുവിനെ വള്ളികുന്നം സംസ്കൃത സ്കൂളിനു സമീപംവെച്ചാണ് പിടികൂടിയത്.  ബൈക്കിൽ സഞ്ചരിക്കുകയായിരുന് ദീപുവിനെ വള്ളികുന്നം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.