എല്ലാം നഷ്ടപ്പെട്ടെ'ന്ന് വിങ്ങിപ്പൊട്ടി ദുരിതബാധിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി മോദി

'എല്ലാം നഷ്ടപ്പെട്ടെ'ന്ന് വിങ്ങിപ്പൊട്ടി ദുരിതബാധിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി മോദി


കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ  കഴിയുന്നവരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി. ചികിത്സയിൽ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്. അവന്തിക, അരുൺ, അനിൽ, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ്  നേരത്തെ അറിയിച്ചിരുന്നത്. ഇവരെക്കൂടാതെ റസീന, ജസീല എന്നിവരെയും പ്രധാനമന്ത്രി നേരിട്ട് കണ്ടു. ചികിത്സയിലുള്ളവരെ മാത്രമല്ല, ഡോക്ടർമാരെയും  മോദി നേരിട്ട് കണ്ട് സന്ദർശിച്ചു.

ചികിത്സാവിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. വിംസ് ആശുപത്രിയിൽ നിന്നും  സന്ദര്‍ശനം പൂര്‍ത്തിയാക്കി പോകുന്ന മോദി കളക്ടറേറ്റിലെ അവലോകന യോ​​ഗത്തിൽ പങ്കെടുക്കും. നിലവിൽ 45 മിനിറ്റ് വൈകിയാണ് മോദിയുടെ വയനാട് സന്ദർശനം പുരോ​ഗമിക്കുന്നത്. 

മോദിക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയാണ് ദുരിതബാധിതർ പ്രതികരിച്ചത്. മേപ്പാടിയിലെ സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാംപിലെത്തിയ മോദി 9 പേരെയാണ് നേരിട്ട് കണ്ട് സംസാരിച്ച് ആശ്വസിപ്പിച്ചത്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കേരളത്തിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മോദിയെ മുഖ്യമന്ത്രിയും ​ഗവർണറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ ദുരിതബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്തിയ മോദി റോഡ് മാർ​ഗമാണ് ചൂരൽമലയിലേക്ക് എത്തിയത്. 

ദുരന്തമേഖല നേരിട്ട് കണ്ട് മനസ്സിലാക്കിയ മോദി ക്യാംപിലേക്കും ആശുപത്രിയിലേക്കും ദുരിതബാധിതരെയും പരിക്കേറ്റവരെയും നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനെത്തി. ആദ്യം നേരിട്ട് സന്ദർശനം നടത്തിയത് വെള്ളാർമല സ്കൂളിലാണ്. സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെക്കുറിച്ചും ദുരിതത്തെ അതിജീവിച്ച കുഞ്ഞുങ്ങളെക്കുറിച്ചും ദുരന്തത്തിലുൾപ്പെട്ട് പോയ കുട്ടികളെക്കുറിച്ചും മോദി ചോദിച്ചറിഞ്ഞു. അവരുടെ ഭാവിയെക്കുറിച്ചും അവര്‍ ഇനി എങ്ങനെ സ്കൂളില്‍ പഠിക്കുമെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. പിന്നീട് ബെയിലി പാലത്തിലൂടെ സഞ്ചരിച്ച മോദി രക്ഷാപ്രവർത്തകരുമായും സൈന്യവുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് ക്യാംപിലേക്കും ആശുപത്രിയിലേക്കും എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സർക്കാരിനൊപ്പം ദുരിതബാധിതരും പ്രതീക്ഷയിലാണ്.