കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസുകള്‍ ഓടും; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും; കടകള്‍ തുറക്കും; സംരക്ഷണം ഉറപ്പ് നല്‍കി പൊലീസ്

കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസുകള്‍ ഓടും; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും; കടകള്‍ തുറക്കും; സംരക്ഷണം ഉറപ്പ് നല്‍കി പൊലീസ്


പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദളിത്, ആദിവാസി സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കേരളത്തില്‍ പൊതു ഗതാഗതത്തെയും സ്‌കൂളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വാഹനങ്ങള്‍ തടയാനും പൊതുഗതാഗത സംവിധാനങ്ങളെ തടസപ്പെടുത്താനും അനുവദിക്കില്ല. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചോ, നിര്‍ബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല. യാതൊരു അക്രമപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണ സമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.

സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആമിയും വിവിധ ദളിത് – ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി – ദളിത് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍.