യുക്രൈൻ്റെ ഷെല്ലാക്രമണം: റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി വിവരം

യുക്രൈൻ്റെ ഷെല്ലാക്രമണം: റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി വിവരം

ദില്ലി: റഷ്യയിൽ യുക്രൈൻ്റെ ഭാഗത്ത് നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ തൃശൂർ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാണ് മരിച്ചത്. സന്ദീപ് ഉൾപ്പെട്ട 12അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്. ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടി‌നാണ് സന്ദീപ് റഷ്യക്ക് പോയത്. 

റഷ്യയിലെ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ അവധിയായതിനാൽ മൃതദേഹം പരിശോധിക്കാൻ മലയാളി അസോസിയേഷൻ ഭാരവാഹികൾക്ക് സാധിച്ചില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. നാളെ സന്ദീപിൻ്റെ ചിത്രം ഉപയോഗിച്ച് മൃതദേഹം സന്ദീപിൻ്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കും. വിവരം ജില്ലാ കളക്ടറെയും അറിയിച്ചിട്ടുണ്ട്.