കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരേ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി ആരോപിച്ചു.
'ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് ഞാന്‍ ആദ്യം കരുതി. കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ആ മുറിയില്‍ നിന്നിറങ്ങി. ഭയന്നാണ് ആ മുറിയില്‍നിന്നു പോയത്. എനിക്കറിയാത്ത ആളുകളും സ്ഥലവുമായിരുന്നു അത്. ആരെങ്കിലും എന്റെ മുറിയിലേക്കു രാത്രി കടന്നുവരുമോയെന്ന ഭയമുണ്ടായിരുന്നു. നിയമപരമായി മുന്നോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് കരുതുന്നില്ല.' നടി പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകന്‍ ജോഷി ജോസഫ് പറഞ്ഞു.'പത്തിരുപത്തിനാല് കൊല്ലമായി കൊല്‍ക്കത്തയിലുണ്ട്. അങ്ങനെയാണ് ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേക്കു നിര്‍ദേശിക്കുന്നത്. ഞാന്‍ കൊച്ചിയിലുള്ള സമയത്ത് ഇവര്‍ എന്നെ വിളിച്ചു. താന്‍ കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു.
ഞാന്‍ ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. ഞാനും ഉത്തരവാദി എന്ന നിലയില്‍ അവര്‍ എന്നോടും തട്ടിക്കയറി. അന്ന് വിശദാംശങ്ങള്‍ എന്നോട് പറഞ്ഞു.'- ജോഷി ജോസഫ് പറഞ്ഞു.