വീട്ടിൽ നിന്ന് 500 രൂപ കാണാതായതിന് പത്ത് വയസുകാരനെ അടിച്ചുകൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

വീട്ടിൽ നിന്ന് 500 രൂപ കാണാതായതിന് പത്ത് വയസുകാരനെ അടിച്ചുകൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ


ഗാസിയാബാദ്: വീട്ടിൽ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കുട്ടി പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം. സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ ആദ് (10) ആണ് മരിച്ചത്. അച്ഛൻ നൗഷാദിനും രണ്ടാനമ്മ റസിയയ്ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. പലപ്പോഴും സത്യമാണോ ഊഹമാണോ എന്ന് പോലും അറിയാത്ത കാര്യങ്ങൾക്ക് പോലും കുട്ടിയ്ക്ക് മർദനമേറ്റിരുന്നു എന്നാണ് അയൽക്കാരുടെ മൊഴി. ശനിയാഴ്ച രാവിലെ ഇവരുടെ വീട്ടിൽ നിന്ന് 500 രൂപ കാണാതായി. ഇത് കുട്ടി എടുത്തെന്ന് ആരോപിച്ചായിരുന്നു മർദനം.

കൽക്കരി സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് കുട്ടിയെ നിരവധി തവണ അടിച്ചു. ഒടുവിൽ തലയ്ക്കേറ്റ ശക്തമായ അടിയാണ് കുട്ടിയുടെ മരണ കാരണമായതെന്ന് കരുതപ്പെടുന്നു. നൗഷാദും റസിയയും കസ്റ്റഡിയിലാണ്. നൗഷാദ് കുട്ടിയെ ക്രൂരമായി മർദിക്കുന്നത് പതിവായിരുന്നു എന്ന് പരിസരവാസിയായ റാഹത്ത് അലി മാധ്യമങ്ങളോട് പറഞ്ഞു. ആദിന്റെ മറ്റ് ബന്ധുക്കൾ നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗാസിയാബാദ് അസിസ്റ്റന്റ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറ‌ഞ്ഞു.