'കുഞ്ഞാമിയുടെ ആഭരണങ്ങൾ കാണാനില്ല, തലയ്ക്ക് പിന്നിൽ പരിക്കും'; വയനാട്ടിൽ 75 കാരിയുടെ മരണത്തിൽ അന്വേഷണം


'കുഞ്ഞാമിയുടെ ആഭരണങ്ങൾ കാണാനില്ല, തലയ്ക്ക് പിന്നിൽ പരിക്കും'; വയനാട്ടിൽ 75 കാരിയുടെ മരണത്തിൽ അന്വേഷണം


കൽപ്പറ്റ: വയനാട് തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞാമിയെ കാണാനില്ലെന്ന് മകന്‍ തൊണ്ടർനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. 

തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിന് അരകിലോമീറ്ററോളം ദുരെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തലക്ക് ഏറ്റ പരിക്കാണ് മരണകാരണം. കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണോയെന്നതടക്കമുള്ള പരിശോധന നടക്കുന്നുണ്ട്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഡോഗ്സ്ക്വാഡും വിരലടയാള് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. 

കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. തേറ്റമലയിലെ മകളുടെ വീട്ടില്‍ താമസിച്ചിരുന്ന കുഞ്ഞാമി മകള്‍ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ പകല്‍ വീട്ടില്‍ ഒറ്റക്കായിരുന്നു. മകളുടെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നപ്പോഴാണ് ഇവരെ കാണാനില്ലെന്ന് മനസ്സിലായത്. സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.