മലപ്പുറം: തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിക്കെതിരെ ഇന്നും ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്. അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
അതിനിടെ, സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എംആർ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിക്കുന്നത്. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നത്. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പി വി അൻവർ ആരോപിച്ചു.
എടവണ്ണക്കേസിൽ നിരപരാധിയെ എം ആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് എന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്കുമേൽ പൊലീസ് വലിയതോതിൽ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാൻ്റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു. കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.
അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാർ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങൾ നിലനിൽക്കുമെന്ന് പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.