മൃഗശാലകളില്‍ നിന്നുള്ള രണ്ട് തരം വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ സാധാരണയായി വൈറലാകാറുള്ളത്. ഒന്നാമത്തെത് മൃഗങ്ങളുടെ കൂട്ടിലേക്ക് ക്ഷണിക്കാതെ കയറിച്ചെല്ലുന്ന ലഹരിക്കടിമകളായി മനുഷ്യരുടെതാണെങ്കില്‍ മറ്റൊന്ന്, ജീവിതാന്ത്യത്തോളം തടവില്‍ കഴിയുന്ന മൃഗങ്ങളുടെ ഏറ്റവും സന്തോഷകരമായ അപൂര്‍വ്വ നിമിഷങ്ങളായിരിക്കും. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ഹൃദയം കവര്‍ന്നു. കിഴക്കൻ ചൈനയിലെ ഹുഷൗവിലെ ഒരു മൃഗശാല സന്ദര്‍ശിക്കാനെത്തിയ ഒരു കൊച്ച് കുട്ടിയുടെയും ചില്ല് കൂട്ടിനുള്ളില്‍ കിടക്കുന്ന ഒരു കടുവയുടെയും വീഡിയോയായിരുന്നു അത്.
ചില്ല് കൂട്ടില്‍ തീര്‍ത്തും നിരാശനായി താഴെക്കും നോക്കിയിരിക്കുന്ന ഒരു കൂറ്റന്‍ കടുവയുടെ സമീപത്ത് കൂടി നടക്കുന്ന ഒരു കൊച്ച് കുട്ടിയില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. കടുവയുടെ അടുത്തെത്തിയതും കുട്ടി പെട്ടെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി ചില്ലില്‍ ചേര്‍ന്ന് നില്‍ക്കുന്നു. ഈ സമയം കുട്ടിയെ മണത്ത് നോക്കാന്‍ കടുവ ശ്രമിക്കുന്നുണ്ടെങ്കിലും ചില്ല് ഒരു തടസമായ മാറുന്നു. പിന്നാലെ കടുവ മുഖം മാറ്റുമ്പോള്‍ കുട്ടി ചില്ല് കൂട്ടില്‍ തന്‍റെ രണ്ട് കൈകള്‍ കൊണ്ടും ആഞ്ഞടിക്കുന്നു. അല്പ നേരത്തിന് ശേഷം കടുവയും അതേ രീതിയില്‍ തന്‍റെ കൈകള്‍ ഉപയോഗിച്ച് പ്രതികരിക്കുന്നു. 'കൈകളുടെ യുദ്ധം.' എന്ന കുറിപ്പോടെ ഫിഗെൻ എന്ന ജനപ്രിയ അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം കണ്ടത് രണ്ട് കോടി ആറ് ലക്ഷം കാഴ്ചക്കാര്‍. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തി.
"കടുവയും കുട്ടിയോടൊപ്പം കളിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു." ഒരു കാഴ്ചക്കാരനെഴുതി. "ശരിക്കും ഭംഗിയുള്ള കൈകളുടെ ഗെയിം." എന്നായിരുന്നു മറ്റൊരു കുറിപ്പ്. "ഓ, അത് മനോഹരമാണ്. കടുവയുടെ പ്രതികരണം നോക്കൂ. ഇത് ഇഷ്ടപ്പെട്ടു," മറ്റൊരു കാഴ്ചക്കാരന്‍ സന്തോഷം മറച്ച് വച്ചില്ല. "ഒരു പുതിയ സൗഹൃദം," എന്നായിരുന്നു വേറൊരു കുറിപ്പ്. ഇക്കോ വൈബ്സ് എന്ന എക്സ് ഉപയോക്താവ് 'ഏറ്റവും ഭംഗിയുള്ള രണ്ട് ജീവികൾ തമ്മിലുള്ള ഒരു കൈ പോരാട്ടം. ആര് ജയിക്കുമെന്ന് നോക്കാം.' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയായിരുന്നു അത്.