കണ്ണൂർ-ഡൽഹി ഇൻഡിഗോ പ്രതിദിന സർവീസ് ഡിസംബർ മുതൽ
@ameen white
മട്ടന്നൂർ: കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് ഡിസംബർ മുതൽ ആരംഭിക്കും. ഇൻഡിഗോ എയർലൈൻസാണ് കണ്ണൂരിനും ഡൽഹിക്കും ഇടയിൽ പ്രതിദിന സർ വീസ് നടത്തുക. 20 മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ-ഡൽഹി സെക്ടറിൽ നേരിട്ടുള്ള സർവീസ് നടത്തുന്നത്.
ഒരുപാട് നാളായി കണ്ണൂരിനും ഡൽഹിക്കും ഇടയിൽ നേരിട്ടുള്ള സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്ത് എത്തിയിട്ട്. വിമാനത്താവളത്തിന്റെ തുടക്കത്തിൽ എയർ ഇന്ത്യയാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായുള്ള ലയന നടപടികളുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 13നാണ് കണ്ണൂരിൽ നിന്നുള്ള എല്ലാ സർവീസും എയർ ഇന്ത്യ അവസാനിപ്പിച്ചത്. ഇതോടെ കണ്ണൂർ-ഡൽഹി സർവീസും ഇല്ലാതായി.
ഒരു ഘട്ടത്തിൽ കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ പാസഞ്ചർ ട്രാഫിക് കണ്ണൂരിനും ഡൽഹിക്കും ഇടയിലായിരുന്നു.